കോലഞ്ചേരി: ലോക്ക് ഡൗൺക്കാലത്ത് തേങ്ങയുടെ വില 50 ലെത്തി. പക്ഷേ, ഈ വില കണ്ടു കൊതിച്ചു വീട്ടിലിരിക്കാനേ നാളികേര കർഷകനു കഴിയുന്നുള്ളൂ. തേങ്ങയിടലും ചരക്ക് നീക്കവും കച്ചവടവുമെല്ലാം ലോക്ക് ഡൗണിൽ കുടുങ്ങിയിരിക്കുകയാണ്. സാധനം കിട്ടാനില്ലാത്തതുകൊണ്ടും ആവശ്യക്കാർ കൂടിയതു കൊണ്ടുമാണു വിലക്കയ​റ്റം. തേങ്ങ മാത്രമല്ല, തെങ്ങിനെ ആശ്രയിച്ചു കഴിയുന്ന ചെത്തു തൊഴിലാളികൾ, തേങ്ങയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നവർ, തെങ്ങു കയറ്റത്തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരും പ്രതിസന്ധിയിലാണ്.

#ചതിച്ചതു തെങ്ങല്ല, ലോക്ക് ഡൗണാണ്.

വീട്ടിൽ നിന്നു ദൂരെയുള്ള തോട്ടങ്ങളിൽ പോയി തേങ്ങ പറിക്കാൻ ഗതാഗത നിയന്ത്രണം മൂലം കഴിയുന്നില്ല. തേങ്ങയെല്ലാം ഉണങ്ങി വീണുപോകുന്നു. തോട്ടങ്ങളിൽ തെങ്ങിന്റെ പരിപാലനവും മുടങ്ങി വീട്ടുവളപ്പിലും ചു​റ്റിനുമുള്ള തേങ്ങ പറിക്കാൻ കഴിഞ്ഞാലും അവ വിൽക്കാൻ കഴിയില്ല. വാങ്ങാൻ കച്ചവടക്കാർ എത്തുന്നില്ല. തേങ്ങ വിൽക്കുന്ന മൊത്ത കച്ചവടക്കാരും തുറക്കുന്നില്ല. ഗ്രാമീണ മേഖലയിലെ കടകളിൽ മാത്രമായി തേങ്ങ വിൽപന ചുരുങ്ങി.

#നാളികേര സംഭരണം ലോക്ക് ഡൗണിൽ മുങ്ങിപ്പോയോ?

ലോക്ക് ഡൗണിനു മുമ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്ന നാളികേര സംഭരണം ഇതുവരെ തുടങ്ങാനായിട്ടില്ല. ഏ​റ്റവും കഷ്ടത്തിലായതു ചെത്ത് തൊഴിലാളികളാണ്. ദിവസം രണ്ടുനേരം തെങ്ങു ചെത്തണമെന്നതിനാൽ ഇവരാരും മ​റ്റു തൊഴിൽ മാർഗങ്ങൾ പരിചയിക്കാൻ സമയം ലഭിച്ചവരല്ല. തൊഴിലാളികൾ മിക്കവരും തെങ്ങുകൾ പാട്ടത്തിനു വാങ്ങിയാണ് തൊഴിൽ ചെയ്യുന്നത്. തെങ്ങ് ഒന്നിനു 300 മുതൽ 500 രൂപ വരെ മാസ വാടക നൽകണം. അഴിച്ചു മാ​റ്റിയ തെങ്ങിൻ കുലകൾ വീണ്ടും കെട്ടി പണികൾ പുനരാരംഭിച്ചാലും കള്ളുൽപാദനമുണ്ടാകാൻ കുറഞ്ഞത് ഒരു മാസമെടുക്കും. ഉൽപാദനം സാധാരണനിലയിലാകാൻ പിന്നെയും സമയമെടുക്കും.കുലയൊരുക്കി കള്ളുൽപാദനം പുനരാരംഭിക്കാൻ ഒരു മാസമെങ്കിലുമെടുക്കും. ലോക്ക് ഡൗൺ കാലത്ത് ചെത്ത് തൊഴിലാളി സഹകരണ സംഘവും കള്ള് ചെത്ത് തൊഴിലാളി ക്ഷേമ നിധി ബോർഡും തൊഴിലാളികൾക്കു ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.