കൊച്ചി: മദ്ധ്യകേരളത്തിന്റെ ആരോഗ്യസ്വപ്ന പദ്ധതികളാണ് എറണാകുളം മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കും കൊച്ചി കാൻസർ സെന്ററും. രണ്ട് പ്രളയങ്ങളുൾപ്പെടെ പലവിധ വെല്ലുവിളികൾ പിന്നിട്ട് ഇവയുടെ നിർമ്മാണം ധ്രുതഗതിയിൽ നീങ്ങവെയാണ് കൊവിഡ് എല്ലാം തകിടം മറിച്ചത്. ലോക്ക് ഡൗണിൽ ഇവയുടെ നിർമ്മാണവും നിലച്ചു. ഈ പ്രതിസന്ധി എത്രകാലം നീളുമെന്ന ആശങ്കയിലാണ് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹികളുൾപ്പെടെയുള്ള അഭ്യുദയകാംക്ഷികൾ.

അടിയന്തര സ്വഭാവമുള്ള നിർമ്മാണ ജോലികളിൽ വൈറ്റില മേൽപ്പാലത്തിനെയും മറ്റും ഉൾപ്പെടുത്തിയതിൽ ഈ ആശുപത്രി കെട്ടിടങ്ങളെയും പരിഗണിക്കണമെന്നാണ് ആവശ്യം.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ പണി 50 ശതമാനം പൂർത്തിയായ സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് മേൽനോട്ട ചുമതലയുള്ളവരെ എത്തിക്കാനാവാത്തതാണ് പ്രതിസന്ധിയെന്ന് നിർമ്മാണ ചുമതലയുള്ള ഇൻകെൽ പറയുന്നു.

ആരോഗ്യമന്ത്രിക്ക് കത്ത്

എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെയും കൊച്ചി കാൻസർ സെന്ററിന്റെയും നിർമ്മാണം ഏപ്രിൽ 24ന് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് ആരോഗ്യവകുപ്പിനും ധനകാര്യ വകുപ്പിനും കത്തയച്ചു. നിർമ്മാണപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാരെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

"ജോലിക്കാരെ ഇവിടെയെത്തിക്കാൻ ഇരുസർക്കാരിൽ നിന്നും അനുമതി ലഭിക്കാനായി ശ്രമിക്കുന്നുണ്ട്. അത്യാവശ്യം വേണ്ട തൊഴിലാളികൾ ഇവിടെയുണ്ട്. കുറച്ചുനാളത്തേക്ക് പണി ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോകാനുള്ള നിർമ്മാണ സാധനങ്ങൾ സ്റ്റോക്കുണ്ട്."

ജോൺസൺ

അസിസ്റ്റന്റ് ജനറൽ മാനേജർ

ഇൻകെൽ

"കൊവിഡ് ഭീഷണി എത്രകാലത്തേക്ക് നിലനിൽക്കുമെന്ന് പറയാനാവാത്ത സാഹചര്യത്തിൽ ഈ ആശുപത്രികളുടെ നിർമ്മാണജോലികൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കുകയാണ് വേണ്ടത്. എൻജിനീയർമാരെ എത്തിക്കാൻ സ്പെഷ്യൽ ഓഫീസറായ കളക്ടർ മുൻകൈ എടുക്കണം. കൂടാതെ, ആശുപത്രികളിലേക്ക് ആവശ്യമായ തസ്തികകൾ ഉടൻ സൃഷ്ടിക്കുകയും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യണം."

ഡോ. എൻ.കെ സനിൽകുമാർ

ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്