vennala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുജിത് കൃഷ്ണ നൽകിയ വിഷുക്കൈനീട്ടം വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഏറ്റുവാങ്ങുന്നു

കൊച്ചി:ശാരീരിക വിഷമതകളെ അതിജീവിച്ച് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പുജിത് കൃഷ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറു സമ്പാദ്യവും വിഷുകൈനീട്ടമായി ലഭിച്ച തുകയും ചേർത്ത് 5001രൂപ നൽകി.
വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഒരുക്കിയ കളക്ഷൻ സെന്ററിലേക്ക് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷും സെക്രട്ടറി എം.എൻ.ലാജി, ഭരണ സമിതിയംഗം കെ.ജി.സുരേന്ദ്രൻ എന്നിവരും ചേർന്ന് പൂജിതിന്റെ വീട്ടിൽ ചെന്ന് തുക കൈപ്പറ്റി.
പാടിവട്ടം പാവൂർ റോഡിൽ ബിജുവിന്റെയും അണിമയുടെയും മകനായ പുജിതിന് ജന്മനാ ശരീരത്തിലെ പേശികൾ ശോഷിക്കുന്ന മസ്‌കുലർ ഡിസ്‌ട്രോഫി രോഗമുണ്ട് . പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കുവാനോ ഇരിക്കുവാനോ കഴിയില്ല. കിടന്നു കൊണ്ടാണ് പഠിച്ചത്.അദ്ധ്യാപകർ വീട്ടിൽ എത്തിയാണ് പഠിപ്പിച്ചിരുന്നത്. സ്വന്തമായി എഴുതാൻ കഴിയാത്തതിനാൽ അതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പുജിതിന് വേണ്ടി പരീക്ഷയെഴുതിയത്.പരീക്ഷക്കായി പഠിച്ചതെല്ലാം കിടന്നു കൊണ്ട് പറഞ്ഞു കൊടുക്കുകയായിരൂന്നു. ഏഴു വിഷയത്തിന് ഏപ്ലസ്, ഒരു വിഷയത്തിന് 'എ', രണ്ടു ബി 'പ്ലസും നേടി മികച്ച വിജയം കൈവരിച്ച പുജിത് ഇപ്പോൾ വെണ്ണല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.