ആലുവ: സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അന്യസംസ്ഥാന തൊഴിലാളികൾക്കും റേഷൻ കാർഡ് ഇല്ലാത്ത മലയാളികൾക്കും ഉൾപ്പെടെ റേഷൻ സാധനങ്ങൾ നൽകാതെ സാങ്കേതികത്വം പറഞ്ഞ് വട്ടം കറക്കുന്നതായി പരാതി. താലൂക്കിലെ ചില റേഷൻ കടകൾക്കെതിരെ ആലുവ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ മന്ത്രി പി. തിലോത്തമന് പരാതി നൽകി. സർക്കാർ നിർദ്ദേശപ്രകാരം ആധാർ കാർഡ് നമ്പറും സത്യവാങ് മൂലവും കൗൺസിലറുടെ സാക്ഷ്യപത്രവും ഹാജരാക്കിയാൽ റേഷൻ നൽകണം. എന്നാൽ പല റേഷൻ കടക്കാരും സ്റ്റോക്കില്ല, സർക്കാർ ഉത്തരവില്ല, വേറെ റേഷൻ കടയിൽ നിന്ന് മേടിക്കൂ എന്നെല്ലാം പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണ്. മാത്രമല്ല സൗജന്യ റേഷൻ അരി വാങ്ങുന്നവർക്ക് പണം ഈടാക്കി നൽകേണ്ട ആട്ട, മണ്ണെണ്ണ എന്നിവയും നൽകുന്നില്ല. കട ഉടമയോട് തിരക്കുമ്പോൾ സ്റ്റോക്ക് തീർന്നുപോയി, വരുമ്പോൾ തരാം എന്ന് പറഞ്ഞ് തടിയൂരുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് ജെറോം മൈക്കിൾ പറഞ്ഞു.