കോതമംഗലം: പൂയംകുട്ടിയിൽ പുഴ നീന്തിക്കടക്കവേ ആദിവാസി യുവാവ് മുങ്ങിമരിച്ചു. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കുടിയിലെ സുബേഷാണ് (24) മരണമടഞ്ഞത്. കഴിഞ്ഞദിവസം സുഹൃത്തുക്കളുമൊത്ത് കുട്ടമ്പുഴയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി കുടിയിലേക്കുള്ള മടക്കയാത്രയിൽ ജീപ്പ് കേടായി വർക്ക്ഷോപ്പുകാരനെത്തേടി വനത്തിലൂടെ നടന്ന് ബ്ലാവനക്കടവിൽ എത്തിയപ്പോഴേക്കും ഇരുട്ടുവീണിരുന്നു. കടത്തുകാരൻ പോയതറിഞ്ഞ് സുബേഷ് പുഴ നീന്തി മറുകരയ്ക്ക് എത്താൻ ശ്രമിച്ചു. ഇതിനിടെ പ്രദേശത്ത് വൈദ്യുതി പോകുകയും ഇരുളിൽ ദിശതെറ്റി പുഴയിൽ മുങ്ങി മരിക്കുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ചോയമ്മ. 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.