നെടുമ്പാശേരി: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിലായി. മറ്റൂർ യോർദനാപുരം കൂരൻവീട്ടിൽ ബിജു യാക്കോബാണ് (45) കാലടി പൊലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ എം.പി. ലത്തീഫിന്റെ നേതൃത്വത്തിൽ കാലടി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ മാസ്‌കും ഹെൽമറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറിൽ വന്നയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് പിടിയിലായത്. സ്‌കൂട്ടറിൽ ഒരു പ്ലാസ്റ്റിക് ചാക്കിലായി 1200 പാക്കറ്റ് ഹാൻസ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഒരു പാക്കറ്റ് ഹാൻസിന് 55 രൂപയ്ക്കാണ് വില്പനയെന്ന് പൊലീസ് പറഞ്ഞു. ഇതിനുമുൻപും ഹാൻസ് കടത്തിയതിന് ഇയാളെ പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഹാൻസിന് പതിനായിരം രൂപയോളം വിലവരും.