covid

ചെന്നൈ: തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 57 ശതമാനവും റോയപുരം, തിരുവികാ നഗർ, ടോണ്ടിയാർപേട്ട് എന്നീ പ്രദേശങ്ങളിൽ നിന്നാണെന്ന് വിവരം. 358 കേസുകളിൽ 204 വൈറസ് ബാധിതർ ഇവിടങ്ങളിൽ നിന്നുള്ളവരാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം, നഗരത്തിലെ 55 പോസിറ്റീവ് കേസുകളിൽ 36 എണ്ണവും ഈ മൂന്ന് സോണുകളിലാണുള്ളത്. റോയപുരത്ത് 24 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 116 ആയി. അതേസമയം, റോയപുരത്തും വടക്കൻ ചെന്നൈയിലും സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് റോയപുരം എം‌.എൽ‌.എ കൂടിയായ ഫിഷറീസ് മന്ത്രി ഡി.ജയകുമാർ പറഞ്ഞു.

റോയപുരം സോണിലുടനീളം അയ്യായിരത്തോളം ലിറ്റർ അണുനാശിനി തളിച്ചു. ദക്ഷിണ ചെന്നൈയിലേക്ക് വ്യാപിക്കാതിരിക്കാൻ ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്തിയെന്നും കോർപ്പറേഷൻ അറിയിച്ചു. 26 പേർക്ക് രോഗം സ്ഥീരികരിച്ച ടെലിവിഷൻ ചാനലിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത് റോയപുരം മേഖലയിലാണ്.