മേയിൽ ബസോട്ടമില്ല, ഉടമകൾ ജി ഫോം നല്കുന്നു
കോലഞ്ചേരി: ലോക്ക് ഡൗൺ മാറിയാലും സ്വകാര്യ ബസുകളോടില്ല. സർവീസ് തല്കാലം നിർത്തി വയ്ക്കുന്നതിന്റെ ഭാഗമായി ഉടമകൾ മോട്ടോർ വാഹന വകുപ്പിന് ജി ഫോം (നോൺ യൂസിംഗ് ഇന്റിമേഷൻ) നല്കാൻ തീരാമാനിച്ചു.
സർക്കാരിന്റെ നിബന്ധന പ്രകാരം ബസുകൾ ഓടിച്ചാൽ നഷ്ടക്കച്ചവടമാകുമെന്നതിനാലാണ് ൾ ജി ഫോം നല്കുന്നത്. ജില്ലയിലെ മുഴുവൻ ബസുകളും അപേക്ഷ നൽകാനാണ് തീരുമാനം. സ്വകാര്യ സ്ഥലത്ത് ബസ് സുരക്ഷിതമായി കയറ്റിയിട്ട ശേഷം മാത്രമേ ജി ഫോമിന് അപേക്ഷിക്കാനാവൂ എന്ന നിയമവും ബസ് ഉടമകളെ വലയ്ക്കുന്നുണ്ട്.
ജില്ലയിലെ 2300 ബസുകളിൽ 500 എണ്ണത്തിന് മാത്രമേ ഈ സൗകര്യമുള്ളൂ. പൊതു സ്ഥലങ്ങളിലോ, പെട്രോൾ പമ്പുകളിലോ, ബസ് സ്റ്റാൻഡുകളിലോ ഒക്കെയാണ് മറ്റുള്ളവരുടെ പാർക്കിംഗ്. ഇക്കാര്യത്തിൽ ഇളവു ലഭിച്ചില്ലെങ്കിൽ ഉടമകൾക്ക് ഉണ്ടാകുന്നത് കനത്ത നഷ്ടമായിരിക്കുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ നവാസ് പറഞ്ഞു.
ജി ഫോം നല്കിയാൽ ടാക്സിൽ ഇളവ് ലഭിക്കും. രണ്ടു മാസം തുടർച്ചയായി സർവ്വീസ് നടത്താതിരുന്നാൽ ഇൻഷ്വറൻസിലും ഇളവുണ്ടാകും. ക്ഷേമ നിധി ബോർഡും ഇളവനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം കോലഞ്ചേരി മേഖല പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു.
ലോക്ക് ഡൗണിലേയ്ക്കായി സർക്കാർ മൂന്നിലൊന്ന് ടാക്സ് ഇളവ് നല്കിയതിനാൽ ഏപ്രിലിൽ പണമടക്കേണ്ടി വന്നില്ല. തുടർന്നും സർവ്വീസ് തുടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റിൽ ഒരാളെയും മൂന്ന് ആളുകൾക്കുള്ള സീറ്റിൽ രണ്ടുപേരെയും മാത്രമേ ഇരിക്കാൻ അനുവദിക്കാവൂ എന്നാണ് നിർദേശം. നിന്ന് യാത്രയും അനുവദിക്കില്ല. ഇത്തരം നിബന്ധനകളോടെ ബസ് നിരത്തിലിറങ്ങിയാൽ ഇന്ധനച്ചിലവിനുള്ള പണംപോലും ലഭിക്കില്ല. ജീവനക്കാർക്കുള്ള ശമ്പളം നൽകാനും അറ്റകുറ്റപ്പണി നടത്താനും കടം വാങ്ങേണ്ട അവസ്ഥയിലാവുമെന്ന് ഉടമകൾ പറയുന്നു.
ഒരു വർഷമാണ് ജി ഫോം വഴി നിർത്തിയിടാനുള്ള കാലാവധി. എപ്പോൾ വേണമെങ്കിലും ഓട്ടം പുനരാരംഭിക്കുകയും ചെയ്യാം.
നാനൂറ് രൂപ ഫീസടച്ച് ജി ഫോം നല്കുമ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാണ് അംഗീകാരം നല്കുന്നത്.