കൊച്ചി: കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്ക് ചികിത്സാസൗകര്യവും മറ്റ് സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. പ്രവാസി മലയാളികൾക്കാവശ്യമായ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് കത്തോലിക്ക സഭയിലെ സോഷ്യൽ സർവീസ് ഏജൻസികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായസഹകരണങ്ങൾ നൽകുമെന്ന് ആലഞ്ചേരി ഉറപ്പു നൽകി.