കൊച്ചി: എറണാകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിൽ പ്ലസ് വൺ സയൻസിലെ ഫൗസ് ഷറഫ് ഒന്നാം സമ്മാനം നേടി. പ്ലസ് ടു സയൻസിലെ അലിഷ സി.എ രണ്ടും ശ്രേയ സോനൻ മൂന്നും പ്ലസ്ടു ഹ്യൂമാനിറ്റീസിലെ ഐറിൻ മറിയം മാണി നാലും സ്ഥാനങ്ങൾ നേടി.
ലോക്ക് ഡൗണിൽ കുടുങ്ങിയ ശിഷ്യർക്കായി ഇംഗ്ളീഷ് അദ്ധ്യാപിക രാജശ്രീ പി.ആർ. ആണ് മത്സരം സംഘടിപ്പിച്ചത്. റെക്കാർഡ് ചെയ്തയച്ച പ്രസംഗങ്ങൾ വിലയിരുത്തിയാണ് ഒന്നിലേറെ ഘട്ടങ്ങളിലായി മത്സരം നടത്തിയത്. ടീച്ചർക്ക് പുറമെ, അഭിറാം ഹരി, ലതാ മുരളീധരൻ, അനുപം ഹരി, അനില ഹമീദ് എന്നിവരായിരുന്നു വിധികർത്താക്കൾ. സ്കൂൾ തുറന്നശേഷം സമ്മാനങ്ങൾ വിതരണം ചെയ്യും.
ഓൺലൈൻ മത്സരത്തെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ 20 ന് റിപ്പോർട്ട് ചെയ്തിരുന്നു. വീട്ടിലിരിക്കുന്ന കുട്ടികൾക്ക് നേരംപോക്കിന് രാജശ്രീ ടീച്ചർ ആരംഭിച്ച മത്സരം കുട്ടികൾ ഏറ്റെടുക്കുകയായിരുന്നു. ഗൾഫിൽ നിന്ന് പോലും മത്സരത്തിൽ പങ്കെടുക്കാൻ പലരുമെത്തി. അപകടകാരിയായ കൊവിഡും കേരളവും എന്നതായിയിരുന്നു ഫൈനലിലെ വിഷയം. കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.