കോലഞ്ചേരി: ലോക്ക് ഡൗൺ ചതിച്ചു, കാമുകി തേച്ചു, കല്ല്യാണം മുടങ്ങി. ബ്രഹ്മപുരം സ്വദേശിയായ യുവാവിനാണ് ലോക്ക് ഡൗൺ കാലയളവ് നൈസായി പണി കൊടുത്തത്.

പെരിന്തൽമണ്ണ സ്വദേശിനിയും അന്യ ജാതിക്കാരിയുമായുള്ള പ്രേമവിവാഹമാണ് ഇതോടെ മുടങ്ങിയത്. ഇരുവരും വിദേശത്താണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനായിരുന്നു തീരുമാനം. നാട്ടിലെ സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നല്കി. ഇരുവരുടേയുേം വീടിരിക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകളിൽ ഫോട്ടോ പതിച്ച അപേക്ഷ 30 ദിവസം നോട്ടീസ് ബോർഡിൽ ഇട്ട ശേഷം 90 ദിവസത്തിനകം നേരിട്ട് ഹാജരായി വിവാഹ നടപടികൾ പൂർത്തീകരിക്കണം.

ഇതനുസരിച്ച് ഏപ്രിൽ 30ന് കാലാവധി തീരും. രണ്ടു പേർക്കും വിദേശത്തു നിന്ന് എത്താനും കഴിയില്ല. വീണ്ടും പുതിയ അപേക്ഷ ഇരുവരും നല്കണം. രണ്ടാമത് അപേക്ഷ കൊടുക്കാൻ വരൻ വധുവിനെ വിളിച്ചു. എന്നാൽ തനിക്ക് ഒന്ന് ആലോചിക്കണമെന്നായിരുന്നു മറുപട‌ി. പിന്നീട് വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. അന്വേഷിച്ച് പോകാമെന്ന് വിചാരിച്ചപ്പോൾ 400 കിലോ മീറ്റർ അപ്പുറമാണ് അന്യനാട്ടി​ലെ വധുവിന്റെ താമസം. പൊതുഗതാഗതം നിരോധിക്കുകയും പുറത്തിറങ്ങാൻ കഴിയാതെയും വന്നതോടെ വരൻ പെട്ടു. നൈസായി തേച്ചയാളെ ലോക്ക് ഡൗൺ കഴിഞ്ഞ് നേരിൽ കാണാൻ തന്നെയാണ് റിയാദിലുള്ള വരന്റെ തീരുമാനം.