sudheep
സുദീപ് താൻ നട്ടുവളർത്തിയ തക്കാളി ചെടികൾക്കൊപ്പം

ആലുവ: എടയപ്പുറം വെളിയത്ത് വീട്ടിൽ വി.കെ. സുദീപ് കർഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കാര്യമായ കാർഷിക ജോലികളൊന്നും ചെയ്തിട്ടില്ല. ട്രാവത്സും ചിട്ടിയുമൊക്കെയായിട്ടാണ് ജീവിതം. എന്നാൽ ലോക്ക് ഡൗൺ സുദീപിനെ കാർഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ലോക്ക് ഡൗൺ ആരംഭിച്ച ദിവസം തുടങ്ങിയ അടുക്കളത്തോട്ട നിർമ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. വീടിന്റെ മേച്ചിൽപ്പുറവും നാലുവശവുമെല്ലാം ഹരിതാഭമായിക്കഴിഞ്ഞു. പയർ, പടവലം, ചൊരക്ക, തക്കാളി, വഴുതനങ്ങ, പീച്ചിങ്ങ, മുളക് തുടങ്ങി വീട്ടാവശ്യത്തിനാവശ്യമായ എല്ലാം നട്ടുവളർത്തി കഴിഞ്ഞു. ചിലതിൽ വിളവെടുപ്പും ആരംഭിച്ചു. പടവലവും പീച്ചിങ്ങയുമെല്ലാം വളരുന്നതിനായി പ്രത്യേക സൗകര്യങ്ങളെല്ലാം ഒരുക്കി. വീട്ടാവശ്യത്തിനുള്ള ജൈവപച്ചക്കറി ഉത്പാദിപ്പിക്കാൻ കഴിഞ്ഞതിനാൽ ലോക്ക് ഡൗൺ കാലത്തും സുദീപിന് സന്തോഷക്കുറവില്ല. സ്വന്തം വീട്ടിൽ പച്ചക്കറി കൃഷിക്ക് കുറച്ചുസമയം കണ്ടെത്തിയാൽ എല്ലാവർക്കും വിഷരഹിത ഭക്ഷണം കഴിക്കാനാകുമെന്ന് തന്റെ അനുഭവത്തിലൂടെ സുദീപ് പറയുന്നു.

രാവിലെ ഉറക്കമുണർന്നാൽ പതിവ് വ്യായാമം. പിന്നെ പച്ചക്കറി കൃഷിയുടെ പരിപാലനമാണ്. സഹായത്തിന് ഭാര്യ ബിന്ദുവും മക്കളുമുണ്ടാകും.