കൊച്ചി :നഗരത്തിലെ മഴക്കാലപൂർവ്വ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കൊവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമ്മാണ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തൊഴിലാളികളുടെ ശരീര ഊഷ്മാവ് പരിശോധിക്കേണ്ട ചുമതല തൊഴിൽ ദാതാവിനായിരിക്കും. റോഡ് ടാറിംഗ്, വിവിധ കാനകളുടെയും തോടുകളുടെയും ശുചീകരണം എന്നിവ ഉടൻ ആരംഭിച്ച് പൂർത്തിയാക്കും.

മഴക്കാലപൂർവ്വ നിർമ്മാണ ജോലികളുടെ സുഗമമായ നടത്തിപ്പിനായി മണൽ, ക്വാറി മേഖലകൾക്ക് പ്രവർത്തനാനുമതി നൽകുമെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു.തങ്ങളുടെ പരിധിയിലെ വിവിധ നിർമ്മാണ പ്രവൃത്തികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറണം.

വിവിധ വകുപ്പുകളിലെ എൻജിനീയർമാർ കൂടിയാലോചിച്ച് അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികളിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഒന്നിച്ചിരുന്ന് തീരുമാനം

നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പി.ഡബ്ല്യു.ഡി, കൊച്ചി മെട്രോ, കൊച്ചി കോർപ്പറേഷൻ എൻജിനീയർമാർ എന്നിവർ ഒന്നിച്ചിരുന്ന് പരിഹാരമാർഗം കണ്ടെത്തും.

ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, പി.ടി തോമസ്, കൊച്ചി മേയർ സൗമിനി ജെയിൻ, കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുള്ളവരെ ജോലികളിൽ ഉൾപ്പെടുത്തില്ല.

നിർമ്മാണ പ്രവൃത്തികൾക്ക് ജില്ലാ ഭരണകൂടമാണ് അനുമതി നൽകുന്നത്.

മണൽ, ക്വാറി മേഖലകൾക്ക് പ്രവർത്തനാനുമതി