വിജയവാഡ: ആന്ധ്രയിൽ മൂന്ന് കൊവിഡ് -19 മരണങ്ങൾ കൂടി. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി. ആന്ധ്രാപ്രദേശിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 893 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 80 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കർണൂൽ ജില്ലയിൽ രണ്ട് മരണവും കൃഷ്ണ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തതായി മെഡിക്കൽ, കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുണ്ടൂർ ജില്ലയിൽ 8 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരണമടഞ്ഞത് ഗുണ്ടൂർ ജില്ലയിലാണ്. കൊവിഡ് -19 കേസുകളുടെ ഹോട്ട് സ്പോട്ട് ആയി മാറിയ കർണൂൽ ജില്ലയിൽ 234 കേസുകളാണുള്ളത്. 31 പുതിയ പോസിറ്റീവ് കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. 195 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗുണ്ടൂർ ജില്ലയിൽ ഇന്ന് 18 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 21 രോഗികൾ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 141 ആയി.
വിവിധ ആശുപത്രികളിൽ 725 പേർ കൊവിഡ് -19 ചികിത്സയിലാണ്. രണ്ട് വടക്കൻ തീര ജില്ലകളായ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ 9 മണി വരെ 6,523 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 80 എണ്ണം പോസിറ്റീവ് ആയി.