ആലുവ: നഗരമദ്ധ്യത്തിലെ എസ്.ബി.ഐ സർവീസ് പോയിന്റടക്കം രണ്ടു സ്ഥാപനങ്ങളിൽ കവർച്ച. രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ താഴ് തകർത്ത് മോഷണശ്രമവും നടത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് സംഭവമറിയുന്നത്.
ആലുവ റെയിൽവെ സ്‌റ്റേഷൻ റോഡിൽ എസ്.ബി.ഐ സർവീസ് പോയിന്റിൽ നിന്ന് ലാപ്‌ടോപ്പും 15,000 രൂപയും കവർന്നു. എടയപ്പുറം സ്വദേശി പുതിയവീട്ടിൽ ബദറുദ്ദീൻ നടത്തുന്ന ഏജൻസിയാണിത്. തൊട്ടടുത്ത എം.എം സ്‌റ്റോഴ്‌സിലും താഴ് തകർത്ത് കള്ളൻ കയറി 3500 രൂപ കവർന്നു. തലശേരി സ്വദേശി ഷഫീഖ് എന്നയാളുടെ മൊബെൽ ഹബ്ബിൽ താഴ് തകർത്തെങ്കിലും അകത്ത് കയറാനായില്ല.
ആലുവ സ്റ്റേഷൻ ഇൻസ്പെക്ടർ സൈജു കെ. പോൾ, എസ്.ഐ പി.കെ. മോഹിത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ ചിത്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അടച്ചിട്ട കടകളിൽ മോഷണം നടന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പട്രോളിംഗ് ഊർജിതമാക്കണം: വ്യാപാരികൾ
നഗരത്തിൽ പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗണിൽ ആശങ്കപ്പെട്ടതുപോലെ കവർച്ചകൾ ആരംഭിച്ചുവെന്ന ഭീതിയിലാണ് വ്യാപാരികൾ. വ്യാപാരികളുടെ ആശങ്ക അകറ്റുന്നതിന് പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ ആവശ്യപ്പെട്ടു.