കൊച്ചി : കാത്തുകൊതിച്ചെത്തുന്ന കലോത്സവനാളുകൾ ഇത്തവണ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയെങ്കിലും തങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് ഉറച്ചു പറയുകയാണ് എറണാകുളം ലാ കോളേജിലെ വിദ്യാർത്ഥികൾ. കൊവിഡ്-19നെ "കലാപം" കൊണ്ട് പ്രതിരോധിക്കുകയാണ് ഇവർ. കലാപമെന്ന് കേട്ട് ഞെട്ടേണ്ട. വിദ്യാർത്ഥികളുടെ കലോത്സവ അനുഭവം തിരികെ പിടിക്കാൻ കോളേജ് യൂണിയൻ ഓൺലൈൻ വഴി നടത്തുന്ന കലോത്സവത്തിന്റെ പേരാണ് "കലാപം". കൊവിഡ്-19 എന്ന വൈറസ് ഉൾപ്പെടെ വിദ്യാർത്ഥി ജീവിതം നേരിടുന്ന എല്ലാ പ്രതികൂല അവസ്ഥകൾക്കുമെതിരെ അവർ കല കൊണ്ടു നടത്തുന്ന "കലാപം".
വ്യത്യസ്തമായി
പുത്തൻ മത്സരഇനങ്ങൾ
സാധാരണ കോളേജ് കലോത്സവങ്ങളെ പോലെ എല്ലാവിധ മത്സരഇനങ്ങളും ഉൾപ്പെടുത്തിയാണ് ഓൺലൈൻ കലോത്സവവും നടത്തുന്നത്. ഗ്രൂപ്പ് ഇനങ്ങൾക്ക് പകരം ലൂപ്പ് ഡാൻസ്, ചെയിൻ സോംഗ്, ഫാഷൻ ഷോ പോലെയുള്ള ഇനങ്ങൾ ഉൾപ്പെടുത്തി. പതിവ് കലോത്സവ ഇനങ്ങളെ കൂടാതെ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ ചെയ്യുന്ന ബോട്ടിൽ പെയിന്റിംഗ്, നെയിൽ ആർട്ട്, മാസ്‌ക് പെയിന്റിംഗ് മുതലായ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി. ഓരോ ദിവസവും വിവിധ മത്സര ഇനങ്ങൾ അനൗൺസ് ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ സംഘാടകരുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുന്ന രീതിയിൽ ആണ് കലോത്സവം ക്രമീകരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് അനൗൺസ് ചെയ്ത് കുട്ടികൾക്ക് പരിശീലിക്കാനുള്ള സമയം നൽകി. വ്യക്തിഗത നൃത്തഇനങ്ങൾ മൂന്ന് മിനിട്ട് നീളുന്ന വീഡിയോ ചിത്രീകരിച്ച് അയക്കുകയാണ് ചെയ്യേണ്ടത്. സിനിമാതാരം വിജയ് ബാബുവാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഗായികയും നടിയുമായ രഞ്ജിനി ജോസ് ആശംസകളുമായെത്തി. എല്ലാം ഓൺലൈനിൽ തന്നെ. ഏപ്രിൽ 22ന് ആരംഭിച്ച കലോത്സവം 26ന് അവസാനിക്കും. മത്സരം അവസാനിച്ചതിന് അഞ്ചുദിവസത്തിന് ശേഷം ഫലം പ്രഖ്യാപിക്കും.
"സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ എങ്ങനെ വ്യത്യസ്തമായ പരിപാടികൾ കോളേജിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്താം എന്ന് ആലോചനയിലാണ് ഓൺലൈനിൽ മത്സരം നടത്താൻ തീരുമാനിച്ചത്. നേരത്തെ ക്വാറന്റൈൻ ഓൺലൈൻ ഫോട്ടോഗ്രഫി മത്സരവും ക്വിസ് മത്സരവും നടത്തിയിരുന്നു. ഇതിൽ നിന്നൊക്കെ മത്സരം ഓൺലൈനായി നടത്താനാകുമെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് കലോത്സവും നടത്തുന്നത്."
ആര്യശ്രീ പ്രകാശ്, ഐശ്വര്യ അജിത്ത്
യൂണിയൻ ഭാരവാഹികൾ