പറവൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെബ്സൈറ്റ് വഴി പ്രവാസികളുടെ വിവരശേഖരണത്തിന് സൗകര്യമൊരുക്കി വടക്കേേക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള പ്രവാസികൾക്കും നാട്ടിൽ തിരികെ എത്തിയവർക്കും തങ്ങളുടെ വിവരങ്ങൾ asietcare.in/vadakkekara എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പഞ്ചായത്ത് അധികൃതരെ അറിയിക്കാം. പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ പഞ്ചായത്ത് ചെയ്തുകൊടുക്കും. വെബ്സൈറ്റ് വഴി 1000 പേരടങ്ങുന്ന രക്തദാനസേന രൂപീകരിക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾ നൽകുന്നതിനും വെബ്സൈറ്റിലൂടെ സാധിക്കും.
കാലടി ആദിശങ്കര കോളേജ് ഓഫ് എൻജിനീയറിംഗിന്റെ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ ഏയ്റോ ഡെവലപ്പേഴ്സിന്റെ സഹായത്തോടെയാണ് വെബ്സൈറ്റ് തയാറാക്കിയത്. പഞ്ചായത്തിന് കീഴിലുള്ള എമർജൻസി റെസ്പോൺസ് ടീമിന്റെ മാതൃകാപരമായ പ്രവർത്തനം നടന്നുവരുന്നു. ജൈവ പച്ചക്കറി വ്യാപനത്തിന്റെ ഭാഗമായി 8000 വീടുകളിൽ ലോക്ക് ഡൗൺ കാലത്ത് കൃഷിയാരംഭിച്ചു. ദിവസം നൂറോളം പേർക്ക് സമൂഹ അടുക്കളയിലൂടെ വീടുകളിൽ ഭക്ഷണമെത്തിച്ചു നൽകുന്നുണ്ട്. കൊവിഡ് 19 ബോധവത്കരണം നടത്തും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ്, മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രം, മൃഗാശുപത്രി തുടങ്ങിയവയുടെ ചുമരുകളിൽ അതിജീവന സന്ദേശങ്ങളും ചിത്രങ്ങളുമടങ്ങുന്ന ചുവരെഴുത്തുകൾ കലാകാരൻമാരുടെ സഹകരണത്തോടെ ഒരുക്കും. പഞ്ചായത്തിലെ ഹരിതകർമസേനയുടെ നേതൃത്വത്തിൽ സാനിറ്റൈസർ, ലോഷൻ, ഡിഷ് വാഷ്, മാസ്ക്, തുണിസഞ്ചി എന്നിവയടങ്ങിയ പ്രതിരോധകിറ്റ് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംംബ്രോസ്, എൻ.സി. ഹോച്ച് മിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.