മട്ടാഞ്ചേരി: കൊച്ചിയുടെ ജനകീയ ഗായകൻ മെഹബൂബ് ഭായിയുടെ ഓർമ്മകൾക്ക് 39 വയസ് .കൊച്ചിയിലെ മെഹ്ഫിലുകൾ, തട്ടിൻപുറങ്ങളിലെ കൂട്ടായ്മകൾ, കല്യാണ വീടുകൾ എന്നിവിടങ്ങളിൽ സംഗീതവുമായി നിറഞ്ഞ് നിന്ന മെഹബൂബ്പ്രശസ്തിയിലേക്ക് ഉയർന്നത് 1950ൽ ജീവിതനൗക എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പി.ലീല ആലപിച്ച വരൂ നായികേ വാനിൽ... എന്ന യുഗ്മ ഗാനത്തിലൂടെയാണ്.1950 ൽ ചേച്ചി എന്ന ചിത്രത്തിന് വേണ്ടി അഭയദേവിന്റെ രചനയിൽ കലിംഗറാവുവിന്റെ സംഗീത സംവിധാനത്തിൽ ആദ്യ ഗാനം റിക്കാർഡ് ചെയ്തു. നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ,മിന്നാമിനുങ്ങ്, ലില്ലി, നായർപിടിച്ച പുലിവാല്, ഉമ്മ, കണ്ടം ബെച്ച കോട്ട്, ഉണ്ണിയാർച്ച, മൂട് പടം, ഓടയിൽ നിന്ന് തുടങ്ങിയ സിനിമകളിൽ ഭായ് പിന്നീട് പാടി. ജി.ദേവരാജൻ, എം.കെ. അർജുനൻ, ദക്ഷിണാ മൂർത്തി, ബാബുരാജ് തുടങ്ങിയ സംഗീത ശിൽപ്പികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. സാധാരണക്കാരായ സംഗീതപ്രേമികളുടെ വലിയൊരു സംഘം എന്നുംകൊച്ചിക്കാരുടെ മെഹബൂബ് ഭായിക്കൊപ്പം ഉണ്ടായിരുന്നു. 1962 ൽ ഫോർട്ടുകൊച്ചി പട്ടാളം ഭാഗത്ത് ഒരു സാധാരണ ദഖ്നി മുസ്ളീം കുടുംബത്തിലായിരുന്നു ജനനം. . സൈഗാളായിരുന്നു ഇഷ്ട ഗായകൻ.ഫോർട്ടുകൊച്ചി പട്ടാള ബാരക്കുകളിലെ വിവിധ ദേശക്കാരുമായുള്ള സമ്പർക്കംമൂലം മറ്റ് ഭാഷകളിൽ പ്രാവീണ്യം നേടാൻ കഴിഞ്ഞു.1981 ഏപ്രിലിൽവിട പറഞ്ഞു.കൊച്ചിയിലെ ചെമ്പിട്ട പളളിയിലാണ് ഭൗതിക ശരീരം അടക്കം ചെയ്തത്. കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ നടത്താനിരുന്ന മെഹബൂബ് സംഗീത രാവും അനുസ്മരണ പരിപാടിയും ഇത്തവണ നടത്തിയില്ല.