മൂവാറ്റുപുഴ: ദേശീയ പുസ്തക ദിനാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാലകളിലെ മുഴുവൻ പുസ്തകങ്ങളും അണുവിമുക്തമാക്കി ലൈബ്രറി ഭാരവാഹികൾ. കൊവിഡ്-19 വ്യാപനത്തെ തുടർന്ന് ഗ്രന്ഥശാലകൾ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ആവശ്യക്കാർക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങൾ ചുരുങ്ങിയ തോതിൽ ഉണ്ടായിരുന്നു. എന്നാൽ ലൈബ്രറി കൃത്യമായി തുറക്കാതിരുന്നതിതാനാൽ പുസ്തകങ്ങൾ അലമാരകളിൽ പൊടിപിടിച്ചിരിക്കുകയായിരുന്നു. ദേശീയ പുസ്തക ദിനത്തിൽ ഗ്രന്ഥശാലകളിലെ പുസ്തകങ്ങളെല്ലാം വൃദ്ധിയാക്കി അടുക്കി വക്കുന്നതോടൊപ്പം അണുവിമുക്തമാക്കുന്നതിനും ലൈബ്രറി ഭാരവാഹികൾ നേതൃത്വം നൽകി. മൂവാറ്റുപുഴ താലൂക്കിലെ 61 ഗ്രന്ഥശാലകളിലെ പുസ്തകങ്ങൾ അണുവിമുക്തമാക്കൽ പ്രവർത്തനം നടന്നതായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, സെക്രട്ടറി സി.ടി. ഉലഹന്നാൻ എന്നിവർ പറഞ്ഞു. ദേശീയ പുസ്തകദിനാചരണ വേളയിൽ സാമൂഹ്യ നന്മയെ ലക്ഷ്യമാക്കിയുള്ള പുസ്തകങ്ങളുടെ രചനകൾ ഉണ്ടാകുകയും വായനയുടെ ലോകം കൂടുതൽ വിപുലപ്പെടുകയും ചെയ്യണമെന്നാണ് ഗ്രന്ഥശാല പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.