mvpa
മൂവാറ്റുപുഴ അന്യ സംസ്ഥാന ലാളികളുടെ ക്യാമ്പിൽ സന്ദർശനത്തിനെത്തിയ ലേബർ കമ്മിഷണർ പ്രണബ് ജ്യോതിനാഥ്. ഐ. എ. എസ്.തൊഴിലാളികൾക്ക് ക്യാരംസ് ബോർഡ് നൽകുന്നു

മൂവാറ്റുപുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന സർക്കാർ ലക്ഷ്യം കൃത്യമായി നടക്കുന്നുവെന്ന് കണ്ടറിഞ്ഞ് ലേബർ കമ്മിഷണർ. അന്യസംസ്ഥാന തൊഴിലാളികളുടെ സൗകര്യങ്ങൾ നേരിട്ട് കണ്ടറിയാൻ എത്തിയതായിരുന്നു ലേബർ കമ്മിഷണർ പ്രണബ് ജ്യോതിനാഥ് . എറണാകുളം ജില്ലയിലെ തോപ്പുംപടി, ഞാറയ്ക്കൽ, പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലാണ് സന്ദർശനം നടത്തിയത്. പെരുമ്പാവൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ക്യാമ്പിലായിരുന്നു കമ്മിഷണർ എത്തിയത്. ക്യാമ്പിലെ തൊഴിലാളികൾ അസം, ഒറീസ, ബംഗാൾ മുതലായ ഇടങ്ങളിൽ നിന്നുള്ളവരായിരുന്നു. സാമൂഹ്യ അകലം പാലിക്കുകയും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ജില്ലാ ലേബർ ഓഫീസിലെ ഹെൽപ്പ് ഡസ്‌കിലോ സംസ്ഥാന കാൾ സെന്ററിലോ അിറിയിക്കണമെന്ന് നിർദ്ദേശിച്ചാണ് അദ്ദേഹം മടങ്ങിയത്. സമൂഹ അടുക്കള , മറ്റ് പ്രൊവിഷനുകൾ വഴി തങ്ങൾക്ക് നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. ഏകദേശം 180ഓളം പേർ താമസിക്കുന്ന ക്യാമ്പിന്റെ സൗകര്യങ്ങൾ വിലയിരുത്തിയ കമ്മീഷണർ സാമൂഹ്യ അകലം പാലിക്കണമെന്ന് തൊഴിലാളികളോട് നിർദ്ദേശിച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ യാത്രാ സൗകര്യം ലഭ്യമല്ലാത്തതിനാൽ ഏവരും ശാന്തമായി താമസിക്കുന്നയിടത്തുതന്നെ തുടരണം . ഇവർക്കൊപ്പം ക്രിക്കറ്റ് കളിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

6000 പേർ താമസിക്കുന്ന പെരുമ്പാവൂർ കിറ്റെക്‌സ് സന്ദർശിച്ചു.ബംഗ്ലാദേശ് കോളനിയിൽആറ് ക്യാമ്പുകളുണ്ട് . അവരുടെ ആവശ്യപ്രകാരം അവിടെയുള്ള തൊഴിലാളികളുടെ ഇഷ്ടാനുസരണം ഭക്ഷണം തയ്യാറാക്കുന്നുണ്ട്. തുടർന്ന് മൂവാറ്റുപുഴയിലെ വിവിധ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തു. മൂവാറ്റുപുഴയിലെ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകളും ക്യാരംസ് ബോർഡും നൽകി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരനോടൊപ്പമാണ് ഇവിടെ ക്യാമ്പുകളിൽ സന്ദർശിച്ചത്. അഡിഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാൽ, റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി.സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ മുഹമ്മദ് സിയാദ് ,ജില്ലാ ലേബർ ഓഫീസർ മാരായ വി.ബി.ബിജു, പി.രഘുനാഥ് , അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.കെ.നാസർ എന്നിവരും പെരുമ്പാവൂർ, മൂവാറ്റുപുഴ കോളനി സന്ദർശിച്ചു.