പറവൂർ : പ്രമുഖ പടക്ക നിർമ്മാണ വ്യവസായിയും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ നോർത്ത് പറവൂർ കണ്ണാത്തുശേരി കെ.വി. രാമകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. പരമ്പരാഗത പടക്ക വ്യവസായിയായിരുന്ന ചെറായി കണ്ണാത്തുശേരി വേലുവിന്റെയും ഇത്തമ്മയുടെയും അഞ്ചു മക്കളിൽ ഇളയമകനായി 1939 മേയ് ഒമ്പതിന് ജനനം. പറവൂർ എൽ.പി. സ്‌കൂൾ, പറവൂർ ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് പീറ്റേഴ്സ് കോളേജ്, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. രണ്ടു വർഷത്തെ ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനുശേഷം പരമ്പരാഗത വ്യവസായമായ പടക്കനിർമ്മാണ വ്യവസായത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സമുദായ, സേവനരംഗത്തും സജീവമായി. ശ്രീനാരായണ പ്രസ്ഥാനമായിരുന്നു പ്രധാന കർമ്മപഥം.
പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റായി തുടങ്ങി യോഗം ഡയറക്ടർ ബോർഡ് സ്ഥാനം വരെ വഹിച്ചു. 1999 മുതൽ പന്ത്രണ്ട് വർഷം പറവൂർ യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചു. ഈ കാലയളവിൽ യൂണിയന്റെ കീഴിലുണ്ടായിരുന്ന 36 ശാഖകളുടെ എണ്ണം 72 ആയി വളർന്നു. യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നും എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ, കെടാമംഗലം എൻ.എൻ ആർട്സ് കോളേജ് എന്നിവയുടെ മാനേജരായിരുന്നു. രാമകൃഷ്ണൻ പ്രസിഡന്റായിരിക്കുമ്പോഴാണ് പറവൂർ യൂണിയന്റെ കീഴിൽ കെടാമംഗലം എസ്.എൻ. ആർട്സ് കോളേജ് സ്ഥാപിച്ചത്. ആദർശ വിദ്യാഭവൻ ട്രസ്റ്റ് സ്ഥാപകനും ശ്രീമൂലം ക്ലബ് ആജീവനാന്ത അംഗവുമാണ്. വ്യാപാരി വ്യവസായി മാർക്കറ്റ് യൂണിറ്റ് ആദ്യകാല പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ഫ്രണ്ട്ഷിപ്പ് സെന്റർ, ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗമായും വൈസ് പ്രസിഡന്റായും സഹകരണ മേഖലയിൽ സജീവസാന്നിദ്ധ്യമറിയിച്ചു. 2019 മാർച്ച് ഏഴിന് എൺപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് പറവൂർ പൗരാവലി ഗുരുരത്നം പുരസ്കാരം നൽകി ആദരിച്ചു.
തൃശൂർ പടിയൂർ ഇരുത്തിപ്പറമ്പിൽ കുടംബാംഗം രമണിയാണ് ഭാര്യ. മക്കൾ: നിഷ, ഷിമി (അദ്ധ്യാപിക, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ) അഡ്വ. ലിഷ. മരുമക്കൾ ഡോ, സിറിൽ, ജീവൻ (ബിസിനസ്), സഞ്ജിത്ത് (എൻജിനീയർ).