sprinklr

കൊച്ചി : കൊവിഡ് ഭീഷണി മൂലമുള്ള അടിയന്തര സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിനും പൊതുതാത്പര്യത്തിനുമാണ് സ്വകാര്യതയെക്കാൾ മുൻഗണനയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ബാലു ഗോപാലകൃഷ്‌ണൻ സ്‌പ്രിൻക്ളർ കരാറിനെതിരെ നൽകിയ ഹർജിയിൽ കഴിഞ്ഞദിവസം നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രോഗികളുടെ എണ്ണം കുറവായതിനാൽ സർക്കാരിന്റെ ഐ.ടി സംരംഭങ്ങൾ ഡേറ്റ അനാലിസിസ് നടത്തിയാൽ മതിയെന്ന വാദം നിലനിൽക്കില്ല. ലോക്ക് ഡൗൺ മാറി വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിന്ന് ആളുകൾ നാട്ടിലേക്ക് എത്തുമ്പോഴാണ് യഥാർത്ഥ സ്ഥിതി വ്യക്തമാവുക. സമൂഹവ്യാപനം ഉണ്ടായാൽ 1.80 കോടിയോളം പേരെ നിരീക്ഷിക്കേണ്ടിവരും. ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ പരീക്ഷണം നടത്താൻ തയ്യാറല്ല. കൊവിഡ് പൂർണമായും നിയന്ത്രണ വിധേയമാണെന്ന് ഇപ്പോൾ വിലയിരുത്താനാവില്ല.

വിശദീകരിച്ച മറ്റു കാര്യങ്ങൾ

 ഗൾഫ് നാടുകളിൽ നിന്നു അഞ്ച് ലക്ഷത്തോളം പേർ മടങ്ങിയെത്തുമെന്നാണ് കണക്കുകൾ

 വിമാന സർവീസുകളും ട്രെയിൻ സർവീസുകളും പുനരാരംഭിക്കുമ്പോൾ രോഗവ്യാപനം കൂടാം

 സി - ഡിറ്റ്, ഐ.ടി മിഷൻ എന്നിവയ്ക്ക് വൻതോതിൽ ഡേറ്റകൾ കൈകാര്യം ചെയ്യാൻ കഴിയില്ല

 ഇൗ സാഹചര്യത്തിലാണ് സ്‌പ്രിൻക്ളർ കമ്പനിയുടെ സഹായം തേടിയത്

 ഡേറ്റകൾ ശേഖരിക്കുന്നത് മുംബയിലുള്ള ആമസോൺ ക്ളൗഡിലേക്കാണ്

 2018 ലെ ഫ്യൂച്ചർ കോൺക്ളേവിലൂടെയാണ് സ്‌പ്രിൻക്ളറുമായി ബന്ധപ്പെട്ടത്

 ഡേറ്റ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്

 15,000 രൂപയിൽ താഴെയുള്ള പർച്ചേസ് ഒാർഡറുകൾക്ക് നിയമവകുപ്പിന്റെ അനുമതി വേണ്ട

 സ്‌പ്രിൻക്ളറിന്റെ സേവനം സൗജന്യമായതിനാലാണ് നിയമവകുപ്പിന്റെ അനുമതി തേടാതിരുന്നത്

 ഡേറ്റ അനാലിസിസിനുള്ള കരാർ നടപടി പൂർത്തിയാക്കാൻ ഒരു മാസത്തിലേറെ വേണം