കൊച്ചി : സ്പ്രിൻക്ളർ കരാറിനെ എതിർത്തും അനുകൂലിച്ചും ഹർജിയിൽ കക്ഷിചേരാൻ രണ്ടുപേർ കൂടി ഹൈക്കോടതിയിൽ അപേക്ഷ നൽകി.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠൻ കരാർ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലു ഗോപാലകൃഷ്‌ണന്റെ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത്. സ്പ്രിൻക്ളർ കരാറിനെ എതിർക്കുന്നത് വഴി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കണ്ണൂർ സ്വദേശി സിദ്ധാർത്ഥ്. പി. ശശി അപേക്ഷ നൽകിയത്.

അടുത്തിടെ കാനഡയിൽ നിന്ന് മടങ്ങിയെത്തിയ സി.ആർ. നീലകണ്ഠന്റെ മകന്റെ വിവരങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ശേഖരിച്ചിരുന്നു. ഈ വിവരങ്ങൾ വിദേശ കമ്പനിയായ സ്പ്രിൻക്ളറിന് കൈമാറുന്നത് നിയമപരമല്ലെന്നാണ് നീലകണ്ഠന്റെ അപേക്ഷയിലെ വാദം. കരാറിനെ എതിർത്ത് നേരത്തേ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. സ്പ്രിൻക്ളർ കമ്പനിക്ക് കരാർ നൽകിയതിനെതിരായ ഹർജികളും കക്ഷി ചേരാനുള്ള അപേക്ഷകളും ഇന്ന് പരിഗണിക്കും.