pic-

കൊച്ചി: കൊവിഡിനെ തുടർന്ന് എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇന്ന് മുതൽ ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചു. മൂന്നാഴ്ചയോളമായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലയെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയാണ് ഭാഗിക നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. അതേസമയം ജില്ലയിലെ രണ്ടു ഹോട്ട്സ്‌പോട്ടുകളായ ചുള്ളിക്കൽ, കതൃക്കടവ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.

ജില്ലയിൽ ഇന്ന് മുതൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാം. എന്നാൽ നിശ്ചിത അക്കങ്ങളിലുള്ള വാഹനങ്ങൾക്ക് പ്രത്യേക ദിവസങ്ങളിലാണ് അനുമതി. തിങ്കൾ , ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റ നമ്പറും ചൊവ്വ ,വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട നമ്പറുകൾ ഉള്ള വാഹനങ്ങളും പുറത്തിറക്കാം. ചരക്ക് ഗതാഗതവും അനുവദിക്കും. ഇലക്ട്രോണിക് ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ എന്നിവ തുറക്കാനും അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്ന് പാർസൽ മാത്രമേ നല്‍കാവൂ. രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്കാരിക മത ചടങ്ങുകളും ജനങ്ങൾ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം. ആരാധനാലയങ്ങൾ അടച്ചിടും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 ൽ അധികം ആളുകൾ ഉണ്ടാകാൻ പാടില്ല. ഹോട്ട് സ്‌പോട്ടുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.