കൊവിഡ്ക്കാലത്ത് ബാർട്ടർ സമ്പ്രദായം തിരിച്ചുവന്നു
കോലഞ്ചേരി: കൊവിഡ്ക്കാലം നാട്ടുകാരെ പഴയ ബാർട്ടർ സമ്പ്രദായത്തിലേയ്ക്കെത്തിച്ചു. ഗ്രാമീണ മേഖലകളിൽ പഴമ തിരിച്ചെത്തി.അധികവും.അരിയും താറാവിന്റെ മുട്ടയും,ചക്കയും മാങ്ങയും തമ്മിൽ, ചീരയിലയും ചക്കക്കുരുവും, മുരിങ്ങയിലയും ചക്കക്കുരുവും അങ്ങനെ വിവിധങ്ങളായ നാടൻ ഉല്പന്നങ്ങളാണ് നാട്ടിൽ പരസ്പരം കൈമാറുന്നത്.ഇത്തരത്തിൽ ചക്കയുള്ള വീട്ടിൽ മാങ്ങയില്ല, ഒരു ചക്കയിട്ട് വെട്ടി തുണ്ടമാക്കി നാലോ അഞ്ചോ വീട്ടുകാർക്ക് കൈമാറും, അവർ പകരം മാങ്ങ, ചീര, മുരിങ്ങയില എന്നിങ്ങനെ തിരിച്ചും നൽകും.വേനലിനെ അതിജീവിച്ചതും വേനൽ മഴയിൽ കിളിർത്തതുമായ വിവിധ ചീരകളും കറിയ്ക്കായി കൈമാറുന്നുണ്ട്. ചീരയും ചക്കക്കുരുവും ഉലർത്താൻ ഹൈ കോമ്പിനേഷനാണ്. പരസ്പരം കൈമാറുന്നതോടെ രണ്ടു വീട്ടുകാരും ഹാപ്പി. അങ്ങിനെ കൊണ്ടും കൊടുത്തും മുറം നിറയെ കറിക്കുള്ള വിഭവങ്ങൾ ലഭിക്കും.പരസ്പരം പങ്കുവയ്ക്കുന്നതിനാൽ പണച്ചിലവുമില്ല. ചില ഇടങ്ങളിൽ ചേമ്പ് ഇലവീശി തുടങ്ങി. ചേമ്പിലയും, തണ്ടും തോരനും കറിയായി മാറ്റുന്നവർ, പകരം വാഴപ്പിണ്ടിയും വാഴക്കൂമ്പുമാണ് വാങ്ങുന്നത് രണ്ടും പോഷക സമൃദ്ധം. മാവുള്ളവരുടെ വീട്ടിൽ മാങ്ങ മൂത്ത് പഴുത്തു തുടങ്ങി. മാങ്ങ കൊണ്ടുണ്ടാക്കാവുന്ന അച്ചാർ, ഉപ്പു മാങ്ങ, ചുനച്ച മാങ്ങ ഉണക്കി വറ്റലാക്കിയും, മാമ്പഴ തിര ഉണ്ടാക്കിയും ചിലർ ചക്കപ്പഴം കൊണ്ടുണ്ടാക്കുന്ന ചക്ക വരട്ടിയത് തിരികെ വാങ്ങിയാണ് ബാർട്ടർ സമ്പ്രദായം പൂർത്തിയാക്കുന്നത്.
#അരി കൊടുത്ത് താറാവുമുട്ട
റേഷൻ കടയിൽനിന്നു ലഭിച്ച അരി താറാവു വളർത്തുന്ന വീട്ടുകാർക്ക് നൽകി മുട്ട വാങ്ങും.ഒരു കിലോഗ്രാം അരിക്ക് മൂന്നു മുട്ട എന്നാണു തോത്. അക്കണക്കിൽ രണ്ടു പക്ഷത്തും വലിയ ലാഭം തന്നെ. റേഷൻ കടയിൽ നിന്നു സൗജന്യമായി ലഭിച്ച അരി താറാവിന്റെ തീറ്റയ്ക്കാണ്. താറാവിന്റെ മുട്ട കൊടുത്തു വാങ്ങിയ അരി താറാവിനു കൂടുതൽ മുട്ടയിടാൻ കരുത്താകുകയും ചെയ്യും.താറാവിന്റെ മുട്ടയ്ക്ക് പൊതുവിപണിയിൽ 10 രൂപ വിലയുണ്ട് അതിലും ലാഭത്തിലാണ് ബാർട്ടർ സമ്പ്രദായത്തിൽ മുട്ട വീട്ടിൽ കിട്ടുന്നത്. ഇതൊക്കെ വെറും കൊടുക്കൽ വാങ്ങൽ മാത്രമല്ല. സ്‌നേഹത്തിന്റെ പങ്കുവയ്ക്കലാണ്, നന്മകളുടെ ഇഴയടുപ്പവും.
അരിയും താറാവിന്റെ മുട്ടയും,
ചക്കയും മാങ്ങയും,
ചീരയിലയും ചക്കക്കുരുവും,
മുരിങ്ങയിലയും ചക്കക്കുരുവും