unni-mukundan-

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് കൃഷിപ്പണിയുടെ മാഹാത്മ്യം തിരിച്ചറിയാൻ വഴികാട്ടിയ കേരളകൗമുദിക്കും സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിനും നന്ദി പറയുകയാണ് യുവതാരം ഉണ്ണി മുകുന്ദൻ. മണ്ണിൽ പൊന്നു വിളയിക്കാൻ തന്നെയാണ് തീരുമാനം.

ജിമ്മിൽ 60 കിലോ ഭാരം പുഷ്പംപോലെ പൊക്കുന്ന ഉണ്ണി അച്ഛൻ മഠത്തിപ്പറമ്പിൽ മുകുന്ദനൊപ്പം ഒറ്റപ്പാലത്തെ പറമ്പിൽ കൃഷിപ്പണിക്കിറങ്ങിയ ആദ്യ ദിനം പക്ഷേ തളർന്നുപോയി. കൊടുംവെയിൽ, പൊള്ളുന്ന മണ്ണിലൂടെ ചെരുപ്പില്ലാതെ നടത്തം. കുറച്ചു ചട്ടികൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവച്ച ശേഷം മാറിനിന്നു. പിന്നെ അച്ഛന്റെ സഹായിയായി കൂടി. ഒരു മാസം പിന്നിടുമ്പോൾ ഉണ്ണി മിടുക്കനൊരു കർഷകനാണ്. വിവിധതരം പച്ചക്കറിച്ചെടികൾ പറമ്പിൽ തഴയ്ക്കുന്നു. ചിലത് കായ്ച്ചു, മറ്റു ചിലത് പൂവിട്ടു.

കൃഷിയുടെ ആനന്ദം അനുഭവിച്ച കൊവിഡ് ദിവസങ്ങളെക്കുറിച്ചുള്ള താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാണ്. കൃഷിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ,​ കൃഷ്ണപ്രസാദ് മികച്ച കർഷകനുള്ള സംസ്‌ഥാന അവാർഡ് നേടിയ ആളാണെന്ന് കേരളകൗമുദി വാർത്തയിലൂടെ ഉണ്ണി അറിഞ്ഞു.

മുമ്പ് ഭക്ഷണത്തിനിടെ പറമ്പിലെ കൃഷിയെക്കുറിച്ച് അച്ഛൻ വാചാലനാവുമ്പോൾ അതിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ല. ഒരിക്കൽ വീട്ടിലെ വാഴപ്പഴം കഴിക്കുമ്പോൾ, ഇതെന്താ ഇത്ര മധുരം, പഞ്ചസാര കുത്തിവച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, 'അച്ഛന്റെ കൃഷിയാണ് മോനേ" എന്നായിരുന്നു അമ്മ റോജിയുടെ മറുപടി. ഉണ്ണിയുടെ ഏക സഹോദരി കാർത്തിക കുടുംബസമേതം ഗുജറാത്തിലാണ്.

വീട്ടുമുറ്റത്ത് പൂത്തുലഞ്ഞ കണിക്കൊന്ന നൽകിയ ആഹ്ളാദം, തൊടിയിൽ കായ്ച്ചു നിൽക്കുന്ന മാവുകൾ, കൃഷി നൽകുന്ന സംതൃപ്തി... കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് വാരാന്ത്യങ്ങളിൽ മാത്രം ഒറ്റപ്പാലത്തെ തറവാട്ടിൽ വന്നുപോയിരുന്ന എനിക്ക് ലോക്ക് ഡൗൺ വിലപ്പെട്ട തിരിച്ചറിവുകളുടെ കാലം കൂടിയാണ്.

മല്ലൂസിംഗ് സിനിമയുടെ ഷൂട്ടിംഗിന് പഞ്ചാബിലായിരുന്നപ്പോൾ,​ കർഷകനാണെന്ന് സ്വയം പരിചയപ്പെടുത്തിയൊരു യുവാവുണ്ട്. രണ്ടു സഹോദരൻമാർക്കൊപ്പം ആഡംബര വാഹനത്തിലാണ് എത്തിയത്. സൈനികൻ, ഡോക്‌ടർ എന്ന ക്രമത്തിൽ സഹോദരൻമാരെ പിന്നീട് പരിചയപ്പെടുത്തി.

കൃഷിക്കാരനാകണമെന്ന് ആഗ്രഹിക്കുന്ന ആരെയും ഞാൻ നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല. എല്ലാവരും അവരവരെക്കൊണ്ടു കഴിയുംവിധം കൃഷിചെയ്യണമെന്നും ഉണ്ണി അഭ്യർത്ഥിക്കുന്നു.