വൈപ്പിൻ : കുളച്ചലിൽ നിന്ന് ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് മുനമ്പം ഹാർബറിലെത്തിയ മൂന്ന് മത്സ്യബന്ധനബോട്ടുകൾ തിരിച്ചുവിട്ടു. ബോട്ടുകൾ മുനമ്പം, പറവൂർ സ്വദേശികളുടെതാണ്. കുളച്ചൽ കേന്ദ്രീകരിച്ച് പണിയെടുത്തിരുന്ന ഈ ബോട്ടുകൾ ലോക്ക് ഡൗണിനെതുടർന്ന് കരയിൽ അടുക്കാതെ കുളച്ചലിലെ തീരക്കടലിൽ നങ്കൂരമിട്ട് കിടക്കുക്കയായിരുന്നു. കടലിൽ കാറ്റും കോളും ശക്തമായതിനെത്തുടർന്ന് ഉടമകൾ ജില്ലയിലെ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും കോസ്റ്റൽ പൊലീസിന്റെയും അനുമതിതേടി അവരുടെ നിർദേശപ്രകാരമാണ് മുനമ്പത്തേക്ക് വന്നതെന്ന് ബോട്ടുകളിലെ ജീവനക്കാർ പറഞ്ഞു. ആരെയും കരക്കിറങ്ങാൻ അനുവദിക്കാതെ ബോട്ടുടമകൾ സ്ഥലത്തെത്തിച്ച ഭക്ഷണസാധനങ്ങളുമായി മൂന്ന് ബോട്ടുകളേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തിരിച്ചയക്കുകയായിരുന്നു.