കോലഞ്ചേരി: ലോക്ക് ഡൗണിന്റെ മറവിൽ നിരോധനങ്ങളും സർക്കാർ ഉത്തരവുകളുമെല്ലാം പാളുന്നു.
കൊവിഡ് വ്യാപനത്തിന് മുമ്പാണ് സംസ്ഥാനത്ത് പ്ലാസ്​റ്റിക് നിരോധിച്ചത്. നിയമം കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ തുറന്ന മിക്ക വ്യാപാര സ്ഥാപനങ്ങളിലും പ്‌ളാസ്​റ്റിക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നത്. പകരക്കാരനായി മണ്ണിൽ അലിയുന്ന എക്കോ ഫ്രണ്ട് കവറുകൾ വിപണിയിൽ എത്തിയെങ്കിലും വില കൂടുതലായതിനാൽ നിരോധിത പ്ളാസ്റ്റിക് കിറ്റുകൾ വീണ്ടും വിപണി കീഴടക്കി. മറുുഭാഗത്ത്എക്സൈസും പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും വ്യാജ മദ്യവില്പന തകൃതിയായി നടക്കുന്നുണ്ട്.

# കുപ്പിവെള്ളത്തിൻ്റെ വില പഴയത് തന്നെ

20 രൂപയായിരുന്ന കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി സർക്കാർ കുറച്ചിരുന്നു. എന്നാൽ, ഇപ്പോഴും മിക്കയിടങ്ങളിലും വിൽപന 20 രൂപയ്ക്കാണ്. ചില സ്ഥലങ്ങളിൽ 15 രൂപയും. ഫ്രിഡ്ജിൽ തണുപ്പിക്കുന്നതുന് രണ്ടു രൂപയാകുമത്രെ. ജില്ലാ ഭരണകൂടം നിയോഗിച്ച പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ വിലയിൽ മാ​റ്റമില്ല.

# മത്സ്യ-മാംസ വില തോന്നുംപടി

ലോക്ക് ഡൗണിൽ മത്സ്യത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. ചുരുക്കം കടകളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. പഴകിയ മത്സ്യമാണ് പലയിടത്തും വിൽപന. ഒരു വർഷം വിൽപന കാലാവധിയുള്ള ഒമാൻ മത്തിയാണ് വിപണിയിലുള്ള മ​റ്റൊരു വില്ലൻ. ഈസ്​റ്ററിന് കോഴിക്ക് 110 രൂപ വില നിശ്ചയിച്ച് കലക്ടർ നൽകിയെങ്കിലും 140 രൂപ വരെ ഈടാക്കിയാണ് വിൽപന നടത്തിയത്. ഇപ്പോഴും വിലയിൽ ഏകീകരണമില്ല. ബീഫിനും ഇതേ സ്ഥിതി തോന്നിയ പോലെയാണ്

360 മുതൽ 410 വരെയാണ് വില.

# ദിനംപ്രതി വിലകൂടി പച്ചക്കറി

ഓരോ ദിവസം കഴിയുംതോറും പച്ചക്കറിക്ക് വില കൂടുന്നു. ഉൽപ്പന്നങ്ങൾ എത്തിക്കാൻ കൂടുതൽ ചരക്കുനീക്ക നിരക്ക് നൽകേണ്ടിവരുന്നതും അയൽ സംസ്ഥാനങ്ങളിൽ വിലയിൽ മാ​റ്റം വരുന്നതുമാണ് ഇതിനു കാരണമെന്ന് കച്ചവടക്കാർ പറുയന്നുണ്ടെങ്കിലും വിലയിൽ ഏകീകരണമില്ല. മിക്ക കടകളിലെയും വില തമ്മിൽ നാലും അഞ്ചും രൂപ വ്യത്യാസമുണ്ട്.