അങ്കമാലി: നഗരസഭ എയർപോർട്ട് വാർഡിലെ കൗൺസിലർ ടി.വൈ. ഏല്യാസിന്റെ നേതൃത്വത്തിൽ വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറികൾ, പച്ചക്കറിവിത്ത്, പൈനാപ്പിൾ, കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്, സോപ്പ് എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്തു. നായത്തോട് സൗത്തിൽ തൊഴിലെടുക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾ, പട്ടികജാതി കുടുംബാഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പ് രോഗികൾ എന്നിവർക്ക് കിറ്റും നൽകി. വയോമിത്രം വഴിയുള്ള മരുന്നുകളും വീട്ടിൽ എത്തിച്ചുനൽകുന്നു. എയർപോർട്ടിന് സമീപം ക്വാറന്റൈനിൽ കഴിഞ്ഞ രണ്ടുപേർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നൽകി.
സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച്, ഡി.വൈ.എഫ്.ഐ , മഹിളാ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്. കിറ്റ് വിതരണത്തിന് ജിജോ ഗർവാസീസ്, പി.ആർ. രജീഷ്, വി.കെ. രാജൻ, സുബിൻ എം.എസ്, രജനി ശിവദാസ്, ഷീജ ജോസ്, ജിൻസി ബിജു എന്നിവർ സഹായികളായി.