കോലഞ്ചേരി: മത്തി ഒരു ചെറിയ മീനല്ല. കഴിക്കാൻ ആളുണ്ടെങ്കിൽ ഒമാനീന്നും വരും. ഇപ്പോൾ മീൻ കടകളിലെ താരം ഒമാൻ മത്തിയാണ്. കണ്ടാൽ സുന്ദരൻ, വലിപ്പം അല്പം കൂടുതലായതു കൊണ്ടാകാം വിലയിൽ ഒട്ടും കുറവില്ല. 300 - 320 തോതിലാണ് വില്പന. രുചിയിലും കേമൻ, നാടന്റെ അയലത്തു തന്നെ.
ഒറ്റ കാര്യമേയുള്ളൂ. ഇവനെ പെട്ടിയിലാക്കിയിട്ട് വർഷം ഒന്നു കഴിഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് പെട്ടിക്കു മുകളിലെ വില്പന കാലാവധി കാണിച്ചാണ് മറുപടി. പായ്ക്കിംഗ് തീയതി കൃത്യം ഒരു വർഷം മുമ്പാണ്. ഇതെങ്ങനെ കൃത്യമായി ഒരു മാസം വില്പന കാലാവധി ഉള്ളപ്പോൾ കേരളത്തിലെത്തി എന്ന ചോദ്യത്തിനും ഉത്തരമില്ല.
ഒരു വർഷം സൂക്ഷിച്ച മത്സ്യം പാകം ചെയ്ത് കഴിക്കാമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും മറുപടിയില്ല. പരിശോധനയ്ക്ക് എത്തുമ്പോൾ മത്തി വാങ്ങിയ ബില്ലും,വില്പന കാലാവധിയുള്ള പായ്ക്കിംഗും കാണിച്ചാണ് വില്പനക്കാർ തടിയൂരുന്നത്. ഇതോടെ ഒമാൻ മത്തി അഴുകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഒമാനിൽ നിന്നു കപ്പൽ മാർഗം എത്തിക്കുന്ന മത്തി ഒഡിഷ, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങൾ വഴിയാണ് ഇതു കേരളത്തിൽ വരുന്നത്. കടലിൽ നിന്നും ചെറുവള്ളക്കാർ കൊണ്ടുവരുന്ന മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്പന.
ഡീപ് ഫ്രീസ് ചെയ്യാതെ ഒരിക്കലും മത്തി ഇത്ര കാലമിരിക്കില്ല. മത്സ്യ ഫെഡിന് ഡീപ് ഫ്രീസ് വിതരണമുണ്ട്. അത്തരം മീനുകൾ മൂന്നു മണിക്കൂർ പുറത്ത് വച്ച് ഐസ് പൂർണ്ണമായും പോയ ശേഷമാണ് ഉപയോഗിക്കുന്നത്. പുറത്തു വച്ച ശേഷം എടുത്ത് ഉപയോഗിക്കാൻ വൈകിയാൽ മീൻ അലിഞ്ഞ് പോകും. പക്ഷെ രാവിലെ കടയിലെത്തിയ ഒമാൻ ചാള വൈകിട്ടാകുമ്പോഴും ഒരേ ഇരിപ്പാണ്. ഇതും സംശയത്തിനിട നല്കുന്നതായി വാങ്ങാനെത്തുന്നവർ പറയുന്നു.