കൊച്ചി : സ്‌പ്രിൻക്ളർ കരാറുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണ പത്രിക തൃപ്തികരമല്ലെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ഡേറ്റ കൈകാര്യം ചെയ്യാൻ സ്‌പ്രിൻക്ളർ കമ്പനിയെ കണ്ടെത്തിയത് എങ്ങനെയാണ്? , കമ്പനിയുടെ യോഗ്യത എന്താണ് ? തുടങ്ങിയ വിവരങ്ങൾ വിശദീകരണ പത്രികയിലില്ലെന്നും ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യതയെന്ന അവകാശത്തേക്കാൾ പ്രാധാന്യം പൊതുജന ആരോഗ്യത്തിനുണ്ടെന്ന സർക്കാരിന്റെ വാദം ഡിവിഷൻബെഞ്ച് തള്ളി.
സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും സൗജന്യസേവനം നൽകാമെന്നും വ്യക്തമാക്കി സ്‌പ്രിൻക്ളർ കമ്പനി വന്നു. ഇൗ ഒാഫർ സർക്കാർ സ്വീകരിച്ചു. സർക്കാർ സംഘടിപ്പിച്ച ഫ്യൂച്ചർ കോൺക്ളേവിൽ പങ്കെടുത്ത കമ്പനിയാണ് സ്‌പ്രിൻക്ളർ എന്നു പറയുന്നു. കരാർ വ്യവസ്ഥകളിൽ ഒത്തുതീർപ്പിന് ശ്രമിച്ചതായി കാണുന്നില്ല. തർക്കപരിഹാരത്തിന് അധികാരം ന്യൂയോർക്കിലെ ഫെഡറൽ കോടതിക്കാണെന്ന വ്യവസ്ഥ ഇങ്ങനെ വന്നതാണ്. കരാറിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ ഐ.ടി സെക്രട്ടറി തയ്യാറായില്ലെന്നത് ആശങ്കയുണ്ടാക്കുന്നു. അടിയന്തര സാഹചര്യമുണ്ടെന്ന പേരിൽ മറ്റൊരു പ്രശ്നത്തിന് വഴിയൊരുക്കരുത്. ഒരു കുഞ്ഞിന്റെ ജീവൻ ഇന്നു പൊലിഞ്ഞു.
ഹൈക്കോടതി ചോദിക്കുന്നു.
ഇന്ത്യയിൽ ഡേറ്റ വിശകലനം ചെയ്യുന്ന മറ്റു കമ്പനികളില്ലേ?
എന്തുകൊണ്ട് വിദേശ കമ്പനിയുടെ ഒാഫർ സ്വീകരിച്ചു ?
കേന്ദ്ര സർക്കാരിന്റെ സഹായം എന്തുകൊണ്ട് സ്വീകരിക്കുന്നില്ല ?
ഫ്യൂച്ചർ കോൺക്ളേവിൽ ഡേറ്റ അനാലിസിസ് ചെയ്യുന്ന മറ്റു കമ്പനികൾ പങ്കെടുത്തിരുന്നില്ലേ ?
കരാർ നിയമവകുപ്പിനെ കാണിക്കാതെ നടപ്പാക്കാനുള്ള തിടുക്കമെന്തിനായിരുന്നു?
നിയമപരമായി തിരുത്ത് കരാറിൽ ആവശ്യമുണ്ടെങ്കിൽ ഇനിയെങ്ങനെ സാധിക്കും ?
കരാറിൽ ലംഘനമുണ്ടായാൽ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ടോ?