usha
ചില്ലുകുപ്പിയിൽ ചെടി നട്ട നിലയിൽ. ഇൻസൈറ്റിൽ ഉഷ ടീച്ചർ

ആലുവ: വഴിയോരത്ത് വലിച്ചെറിയപ്പെടുന്ന കുപ്പികൾ ലോക്ക് ഡൗൺ കാലത്ത് ഉഷ ടീച്ചറിന്റെ കൈകളിലൂടെ മനോഹരങ്ങളായ പൂച്ചട്ടികളായി. കീഴ്മാട് സർക്കാർ സ്‌കൂളിലെ ഹെഡ്മിസ്ട്രസായ തോട്ടയ്ക്കാട്ടുകര കരുവേലിപ്പറമ്പിൽ ഉഷ ടീച്ചർ പരിമിതമായ അഞ്ച് സെന്റിലെ വീട്ടിനോട് ചേർന്നാണ് പച്ചക്കറി കൃഷിയും പൂകൃഷിയും ചെയ്യുന്നത്.ശിവ ഭക്തയായ ടീച്ചർ പൂക്കൾ ആലുവ ശിവക്ഷേത്രത്തിലർപ്പിക്കും പച്ചക്കറികൾ വീട്ടാവശ്യത്തിനായും ഉപയോഗിക്കും. സ്‌കൂട്ടറിൽ സ്‌കൂളിൽ നിന്നും ഒരിക്കൽ വീട്ടിലേക്ക് വരുമ്പോൾ റോഡിൽ ആരോ വലിച്ചെറിഞ്ഞ വെള്ള കുപ്പിയിൽ തട്ടി സ്‌കൂട്ടർ മറിഞ്ഞ് അപകടമുണ്ടായി. അതിനു ശേഷമാണ് കുപ്പികൾ ശേഖരിച്ചു തുടങ്ങിയത്. ഇത് സംസ്‌കരിക്കാൻ ബുദ്ധിമുട്ടായപ്പോൾ പച്ചക്കറികളും പൂക്കളും നട്ടുവളർത്തുന്നതിനായി ഉയോഗപ്പെടുത്തുകയായിരുന്നു.ജ്യോതിഷപണ്ഡിത കൂടിയായ ടീച്ചർ പറയുന്നത് ഇത്തരത്തിൽ വീടിനോട് ചേർന്ന് കൃഷി നടത്തുന്നത് വീടിന്റെ പ്രത്യേക ഐശ്വര്യത്തിനും കാരണമാകുമെന്നാണ്.
കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച യു.പി സ്‌കൂളായി കീഴ്മാട് സ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച ഹൈസ്‌കൂൾ അദ്ധ്യാപികയ്ക്കുള്ള ഉണർവ് അവാർഡും ലഭിച്ചു. എൻ.എ.ഡിയിലെ ഉദ്യോഗസ്ഥനായ വിജയകുമാറാണ് ഭർത്താവ്. മക്കൾ: വിഷ്ണു, ലക്ഷ്മി.