നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പായി പ്രത്യേക കർമപദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി ആരംഭിച്ചു. ഇവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങൾ കർമപദ്ധതിയിൽ ഉൾപ്പെടുത്തും.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രാഥമിക പരിശോധന നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മാർഗനിർദേശങ്ങൾ. അടുത്തദിവസം സർക്കാരിന് കർമപദ്ധതി സമർപ്പിക്കും. വിമാനത്താവളത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളുണ്ടാകും.

സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, എസ്. പി കെ കാർത്തിക്, ഡി.സി.പി ജി. പൂങ്കുഴലി, അസി.കളക്ടർ എം.എസ്. മാധവിക്കുട്ടി, കേരള ആംഡ് ബറ്റാലിയൻ 1 കമാൻഡന്റ് വൈഭവ് സക്‌സേന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.