# ആരോപണങ്ങൾ അടിസ്ഥാനരഹിതം : പഞ്ചായത്ത് പ്രസിഡന്റ്

പറവൂർ : ചിറ്റാറ്റുകര പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണം കാറ്ററിംഗ് യൂണിറ്റ് വഴി വിൽക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പറവൂർ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ചിറ്റാറ്റുകര വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. ഭക്ഷണം ദുരുപയോഗം ചെയ്തെന്നാരോപിച്ച് ചിലർ കഴിഞ്ഞദിവസം കാറ്ററിംഗ് യൂണിറ്റിന്റെ വാഹനവും ഭക്ഷണവും പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു.

പുതിയകാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. സി.ഡി.എസിന്റെ മുൻ അദ്ധ്യക്ഷ സുദിന ഹരിദാസിനായിരുന്നു ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ചുമതല നൽകിയത്. കഴിഞ്ഞ മൂന്നുവരെ ഇരുപത് രൂപ പഞ്ചായത്തിന്റെ തനതുഫണ്ടും പത്തുരൂപ കുടുംബശ്രീയിൽ നിന്നും നൽകി. ഇതിനുശേഷം സ്പോൺസർഷിപ്പിലൂടെ അരിയും പരിപ്പും ലഭിച്ചപ്പോൾ തുക പാചകത്തിന് കൂലിയാക്കി. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.

സ്വന്തം ചെലവിൽ തയ്യാറാക്കിയ ഭക്ഷണം : സുദിന ഹരിദാസ്

പച്ചക്കറി ഉൾപ്പെടെയുള്ള മറ്റു വസ്തുക്കൾ താൻതന്നെ കൊണ്ടുവന്ന് സമൂഹ അടുക്കളയിൽ വച്ചു പാകംചെയ്തു നൽകുന്നതാണ്. മറിച്ചുള്ള ആരോപണങ്ങൾ തെറ്രാണെന്നും സുദിന ഹരിദാസ് പറഞ്ഞു.

സമൂഹ അടുക്കളയിൽ നിന്ന് നഷ്ടപ്പെട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ്.

സമൂഹ അടുക്കളയിൽ പാചകത്തിന് ഏൽപ്പിച്ച ഭക്ഷ്യധാന്യങ്ങളിൽ കുറവുണ്ടായിട്ടില്ല. പിടികൂടിയ ഭക്ഷണം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്നല്ല. ഇതിനു പിന്നിൽ രാഷ്ട്രിയ വിരോധം മാത്രമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് പറഞ്ഞു.