vs-sunil
ആലുവ പാലസിൽ പച്ചക്കറി കൃഷിയുടെ ഭാഗമായി വിത്ത് നട്ട ശേഷം കുഴി മൂടുന്ന മന്ത്രി വി.എസ്. സുനിൽകുമാർ

# കൃഷി സ്ഥലമൊരുക്കലും വിത്തിടലും കൃഷിമന്ത്രി നേരിട്ട്

ആലുവ: വി.ഐ.പികളെത്തുന്ന ആലുവ പാലസ് വളപ്പിൽ ഇനി ആഫ്രിക്കർ കാച്ചിലും ഗജേന്ദ്രചേനയും വിളയും. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ മുൻകൈയെടുത്താണ് 15 സെന്റ് സ്ഥലത്ത് കൃഷിക്ക് സൗകര്യമൊരുക്കിയത്.

കൊവിഡ് -19 മായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒരു മാസത്തിലേറെയായി ആലുവ പാലസിലാണ് തങ്ങുന്നത്. പാലസിന് പിന്നിൽ പെരിയാറിന് അഭിമുഖമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം മന്ത്രിയുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കിയാണ് കൃഷിയിറക്കിയത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആലുവ തുരുത്ത് വിത്തുല്പാദനകേന്ദ്രത്തിന് കൃഷിയുടെ തുടർന്നുള്ള പരിചരണ ചുമതലയും മന്ത്രി നൽകി.

തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നിന്ന് മന്ത്രി തന്നെയാണ് ചേന, കാച്ചിൽ, ചെറുകിഴങ്ങ്, കൂവ, മധുരക്കിഴങ്ങ് തുടങ്ങിയവയുടെ വിത്തുകൾ കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാസ്ഥാപനവളപ്പിലും ഇത്തരത്തിൽ കൃഷിവകുപ്പ് മുൻകൈയെടുത്ത് കൃഷി വ്യാപിപ്പിക്കും. അതിനായി വിവിധതരം വിത്തുകൾ അടങ്ങിയ ഏഴുലക്ഷം വിത്തുകൾ തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ജില്ലാ കൃഷി ഓഫീസർ ടി. ദിലീപ്കുമാർ, തുരുത്ത് വിത്തുല്പാദന കേന്ദ്രം കൃഷി ഓഫീസർ ലിസി വടക്കൂട്ട് എന്നിവരും സംബന്ധിച്ചു.

കൃഷിത്തോട്ടം നന്നായി പരിപാലിച്ചാൽ പാലസിലെ ശുചീകരണ തൊഴിലാളികൾക്ക് ഉപഹാരം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് പറഞ്ഞു. നാല് മുതൽ ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന വിത്തുകളാണ് പാകിയത്.