ആലുവ: മാസ്‌ക് ധരിക്കാതെ യാത്രചെയ്തതിന് റൂറൽ ജില്ലയിൽ 187 പേർക്കെതിരെ കേസെടുത്തു. കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് കേസ്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേസെടുക്കുന്നത്.
ഒറ്റ, ഇരട്ട അക്കങ്ങൾ പ്രകാരമേ വാഹനങ്ങൾ നിരത്തിലറങ്ങാവുവെന്ന നിബന്ധന ലംഘിച്ചതിന് 23 കേസെടുത്തു. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഇന്നലെ ആകെ 171 കേസുകളിലായി 196 പേരെ അറസ്റ്റ് ചെയ്തു. 78 വാഹനങ്ങൾ പിടികൂടി. സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും സാമൂഹ്യ അകലം പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
പനി പരിശോധനാ സംവിധാനവും സാനിറ്റൈസേഷനുള്ള സൗകര്യവും തൊഴിലിടങ്ങളിൽ നിർബന്ധമാണ്. അഞ്ചോ അതിൽ കൂടുതലോ തൊഴിലാളികൾ കൂടിയിരുന്ന് ജോലി ചെയ്യുന്നത് അനുവദനീയമല്ല. ഷിഫ്റ്റുകൾക്കിടയിൽ ഒരു മണിക്കൂർ ഇടവേള വേണം. ഉച്ചഭക്ഷണ സമയത്തും സാമൂഹ്യഅകലം പാലിക്കണം. പൊതുഇടങ്ങളിൽ തുപ്പിയാലും ശക്തമായ നടപടി ഉണ്ടാകും.