കൊച്ചി: ലോക്ക് ഡൗണിൽ ഇളവ് നൽകിയെങ്കിലും സുരക്ഷയിലും ജാഗത്രയിലും വിട്ടുവീഴ്ചയില്ലാതെ പൊലീസും ജില്ലാ അധികൃതരും. ഇളവുകൾ മുതലാക്കാൻ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം പൊലീസ് സ്വീകരിച്ചതോടെ നിരത്തുകളിലെ തിരക്ക് കുറഞ്ഞു.
ഒൻപത് പേരെ ഇന്നലെ പുതിയതായി ഐസൊലേഷനിലാക്കി. 272 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 146 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. രണ്ടു ഹോട്ട്സ്‌പോട്ടുകളും അടച്ചിട്ട് കർശനനിരീക്ഷണം തുടരുകയാണ്.
ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിക്കുമ്പോൾ ജനങ്ങളുടെ കുത്തൊഴുക്ക് മുൻകൂട്ടിക്കണ്ട് പൊലീസ് കർശനമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. രാവിലെ പുറത്തിറങ്ങിയവരെ പരിശോധനക്ക് ശേഷമേ പോകാൻ അനുവദിച്ചുള്ളൂ. രേഖകളില്ലാതെയും അനാവശ്യമായും വാഹനങ്ങളിലും മറ്റും പുറത്തിറങ്ങിയവരെയും തുരത്തിയതോടെ തിരക്ക് കുറഞ്ഞു.
എങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിവിലേറെ വാഹനങ്ങൾ നിരത്തിലിറങ്ങി. ഇതുമൂലം കേസുകളും അറസ്റ്റും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഇന്നലെ വർദ്ധിച്ചു.
പാലക്കാട്ട് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ 23 പേരെ പുതിയതായി നിരീക്ഷണത്തിലാക്കി. മൂവാറ്റുപുഴ വാഴക്കുളത്ത് വന്ന ലോറി ജീവനക്കാരനുമായി ബന്ധപ്പെട്ടവരാണിവർ. മറ്റു ജില്ലകളിൽ നിന്നെത്തിയ 48 പേരെയും നിരീക്ഷണത്തിലാക്കി. 13 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി.
അടച്ചുപൂട്ടി ഹോട്ട്സ്‌പോട്ടുകൾ
ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളായ ചുള്ളിക്കലും കതൃക്കടവ് എന്നിവ അടച്ചുപൂട്ടി കർശനമായ നിരീക്ഷണത്തിലാക്കി. ഇവിടങ്ങളിലേക്കുള്ള മുഴുവൻ വഴികളും അടച്ചു. അകത്തേയ്ക്കും പുറത്തേയ്ക്കും അത്യാവശ്യക്കാരല്ലാത ആരെയും അനുവദിക്കില്ല. ആരോഗ്യവകുപ്പിന്റെ അഞ്ചുവീതം സ്ക്വാഡുകൾ ഇവിടങ്ങളിൽ പൂർണസമയവും നിരീക്ഷണം നടത്തുന്നുണ്ട്. അടച്ച മുഴുവൻ റോഡുകളിലും പൊലീസ് കാവലുണ്ട്.
കൊവിഡ് ഇന്നലെ
ആകെ രോഗികൾ : 2
നിരീക്ഷണത്തിൽ : 272
ഹൈ റിസ്കിൽ : 76
ലോ റിസ്കിൽ : 196
ഐസൊലേഷനിൽ : 22
സാമ്പിൾ പരിശോധന
പോസിറ്റീവ് : 00
ഫലം ലഭിക്കാൻ : 79
കമ്മ്യൂണിറ്റി കിച്ചണുകൾ
ആകെ : 122
പഞ്ചായത്തുകളിൽ : 88
നഗരസഭകളിൽ : 34
ലോക്ക് ഡൗൺ ലംഘനം: കേസ്, അറസ്റ്റ്, പിടിച്ചെടുത്ത വാഹനങ്ങൾ
കൊച്ചി സിറ്റി : 157, 243, 89
എറണാകുളം റൂറൽ : 205, 262, 114