ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ചുനഗരങ്ങൾ പൂർണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, കോയമ്പത്തൂർ, മധുര കോർപ്പറേഷനുകളിൽ 26 ന് രാവിലെ 6 മുതൽ 29 ന് രാത്രി 9 വരെയും സേലം, തിരുപൂർ കോർപ്പറേഷനുകളിൽ 26 ന് രാവിലെ 6 മുതൽ 28 ന് രാത്രി 9വരെയും സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കോയമ്പേട് പോലുള്ള മൊത്ത പച്ചക്കറി വിപണികൾ ആവശ്യമായ
മൊബൈൽ പച്ചക്കറി, ഫ്രൂട്ട് ഷോപ്പുകൾ പ്രവർത്തിക്കും. എന്നാൽ മറ്റൊരു കടയും തുറക്കാൻ അനുവദിക്കില്ല. ഇപ്പോൾ ഉച്ചക്ക് ഒരു മണി വരെ തുറക്കാൻ അനുമതി നൽകിയ പലചരക്ക്, പച്ചക്കറി, ഫ്രൂട്ട് ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. ആശുപത്രികൾ, ആശുപത്രികളിലെ ലബോറട്ടറികൾ, ഫാർമസികൾ, ആംബുലൻസുകൾ, ശവസംസ്കാര വാഹന സേവനങ്ങൾ തുടങ്ങിയ മെഡിക്കൽ സേവനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കും. സെക്രട്ടേറിയറ്റ്, ആരോഗ്യം, കുടുംബക്ഷേമം, പോലീസ്, റവന്യൂ, ദുരന്തനിവാരണ, വൈദ്യുതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലവിതരണ വകുപ്പുകൾ എന്നിവ ആവശ്യമായ ഉദ്യോഗസ്ഥരുമായി മാത്രമേ പ്രവർത്തിക്കൂ. കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും 33 ശതമാനം ജീവനക്കാരുടെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ.
അമ്മ കാന്റീനുകളും എടിഎമ്മുകളും പതിവുപോലെ പ്രവർത്തിക്കും. ഫോണിലൂടെ ലഭിക്കുന്ന ഓർഡറുകളുടെ അടിസ്ഥാനത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ റെസ്റ്റോറന്റുകളെ അനുവദിക്കും. സാമൂഹ്യക്ഷേമ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കീഴിൽ ജില്ലാ ഭരണകൂടം നടത്തുന്ന കമ്മ്യൂണിറ്റി അടുക്കളകൾ തുടർന്നും പ്രവർത്തിക്കും. സന്നദ്ധ സംഘടനകൾക്കും മറ്റ് സംഘടനകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി നേടാം. ഇവയൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പ് ഉൾപ്പെടെയുള്ള മറ്റ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. ഐടി ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുമതിയുണ്ട്. ഒരു സ്വകാര്യ സ്ഥാപനവും പ്രവർത്തിക്കില്ല. നിലവിലുള്ള ലോക്ക്ഡൗൺ നടപടികൾ മറ്റ് കോർപ്പറേഷനുകളിലും പ്രദേശങ്ങളിലും തുടരും. കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങൾ കർശന നിയന്ത്രണത്തിലായിരിക്കുമെന്നും അണുനാശിനി ദിവസത്തിൽ രണ്ടുതവണ തളിക്കുമെന്നും കോർപ്പറേഷനുകളുടെ മറ്റ് ഭാഗങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും നിയമം ലംഘിക്കുകയാണെങ്കിൽ, അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുക മാത്രമല്ല, അവർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്യും.