
കൊച്ചി: സൈബർ നിയമങ്ങളിൽ വിദഗ്ദ്ധയായ മുംബയ് സ്വദേശിനി എൻ.എസ്. നപ്പിനൈ നടത്തിയ വാദങ്ങളാണ് സ്‌പ്രിൻക്ളർ കേസിൽ സർക്കാരിന്റെ മുഖം രക്ഷിച്ചത്.സാങ്കേതികതയും സൈബർ ലോകത്തെ സങ്കീർണതയും നിറഞ്ഞ വിഷയത്തിൽ വാദം നടത്തുക സർക്കാർ അഭിഭാഷകർക്ക് വിഷമകരമായ സാഹചര്യത്തിലാണ് നപ്പിനൈയെ ദൗത്യം ഏല്പിച്ചത്.ഐ.ടി നിയമങ്ങളിൽ മാത്രമല്ല, ക്രിമിനൽ, ഭരണഘടനാ, ബൗദ്ധിക സ്വത്തവകാശ, വാണിജ്യ നിയമങ്ങളിലും പ്രഗത്ഭയാണ് ഈ അഭിഭാഷക.
സംസ്ഥാന സർക്കാരിന്റെ ഐ.ടി ഉന്നതപഠനവിഭാഗം കൊച്ചിയിൽ സംഘടിപ്പിച്ച ബ്ളോക്ക് ചെയിൻ സമ്മേളനത്തിൽ പ്രഭാഷകയായി മുൻപ് എത്തിയിട്ടുള്ളതിനാൽ കേരളം അപരിചിതമല്ല.
ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ സുഹൃത്ത് കൂടിയായതിനാൽ നപ്പിനൈ ദൗത്യം ഏറ്റെടുത്തു. മുംബയിൽ നിന്ന് ടെലികോൺഫറൻസ് വഴിയായിരുന്നു വാദം.
അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പരിചയമുള്ള നപ്പിനൈ സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലുമാണ് പ്രാക്ടീസ് ചെയ്യുന്നത്. ആധാർ കേസിൽ സുപ്രീംകോടതിയിൽ ഹാജരായിരുന്നു. നിരവധി ഐ.ടി കമ്പനികളുടെ നിയമോപദേശകയാണ്.
സൈബർ നിയമങ്ങളിൽ പ്രഭാഷകയും ഗ്രന്ഥകാരിയുമാണ്. ടെക്നോളജി ലാസ് ഡീകോഡഡ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ടെക്നോളജി ലാ ഫോറം സ്ഥാപകാംഗമാണ്. സൈബർ നിയമങ്ങളും സുരക്ഷയും സംബന്ധിച്ച് അന്തർദേശീയ സമ്മേളനങ്ങളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. ദേശീയ ജുഡീഷ്യൽ അക്കാഡമി, സംസ്ഥാന അക്കാഡമികൾ, ഐ.ഐ.ടി മുംബയ്, ഐ.ഐ.എം എന്നിവിടങ്ങിൽ ഗസ്റ്റ് അദ്ധ്യാപികയുമാണ്. ദേശീയ മാദ്ധ്യമങ്ങളിൽ പംക്തികളും എഴുതാറുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർക്കും സായുധസേനയ്ക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും മാത്രമല്ല, വ്യവസായികൾക്കും ക്ളാസെടുക്കാറുണ്ട്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച സംഘടനകളിലും സജീവമാണ്.