
കൊച്ചി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ലറുമായി ഉണ്ടാക്കിയ കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ തൃപ്തിയില്ലെങ്കിലും കൊവിഡിനെതിരായ പോരാട്ടത്തെ തളർത്താൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനും ജസ്റ്റിസ് ടി. ആർ രവി അംഗവുമായ ഡിവിഷൻ ബഞ്ച് കരാറിന് അനുമതി നൽകിയത്.
സ്‌പ്രിൻക്ളർ ഇല്ലാതെ കൊവിഡിനെ നേരിടാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കോടതിക്ക് പൊതുജനതാല്പര്യം സംരക്ഷിക്കേണ്ടതുണ്ട്. കൊവിഡ് രോഗികളുടെ വിവരങ്ങൾ ഡേറ്റ വിശകലനത്തിനായി സ്‌പ്രിൻക്ളർ കമ്പനിക്ക് കൈമാറുമ്പോൾ വിവരദാതാവിന്റെ അനുമതി വാങ്ങിയിരിക്കണം. വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ സർക്കാർ രഹസ്യമാക്കി വേണം ഡേറ്റ കമ്പനിക്ക് കൈമാറുന്നത്. സ്‌പ്രിൻക്ലർ കമ്പനി ഈ ഡേറ്റ മറ്റാർക്കും കൈമാറരുതെന്നും വിശകലനത്തിനു ശേഷം ഡേറ്റ സർക്കാരിനു തിരിച്ചുനൽകണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
സ്‌പ്രിൻക്ളർ കരാറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്‌ണൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ഉത്തരവ്. മൂന്നാഴ്ച കഴിഞ്ഞു വീണ്ടും ഹർജികൾ പരിഗണിക്കും. എതിർകക്ഷികൾക്ക് വിശദീകരണം സമർപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.
സ്പ്രിൻക്ലർകേസിൽ സർക്കാരിന് വേണ്ടി അഡി. എ.ജി. ജി.രവീന്ദ്രനാഥും സുപ്രീംകോടതി അഭിഭാഷകയായ എൻ.എസ് നപ്പിനൈയും ഹാജരായി
കോടതിയുടെ ഉപാധികൾ
കൊവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ രഹസ്യ സ്വഭാവത്തിലുള്ളതാക്കണം. അതിനുശേഷമേ സ്‌പ്രിൻക്ളർ കമ്പനിയെ പരിശോധനയ്ക്ക് അനുവദിക്കാവൂ.
ഡേറ്റ അവലോകനത്തിനായി സ്‌പ്രിൻക്ളർ കമ്പനിക്ക് കൈമാറുമെന്ന കാര്യം സർക്കാർ വിവരദാതാവിനെ ധരിപ്പിച്ച് കരാറിലോ ഫോമിലോ അനുമതി വാങ്ങണം.
ഡേറ്റയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിൽ നേരിട്ടോ പരോക്ഷമായോ സ്‌പ്രിൻക്ളർ കമ്പനി ഇടപെടരുത്.
ഡേറ്റ പൂർണമായോ ഭാഗികമായോ കമ്പനി ലോകത്തെവിടെയുമുള്ള മൂന്നാമതൊരു കക്ഷിക്ക് കൈമാറുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്.
േഡറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി നേരിട്ടോ അല്ലാതെയോ സ്‌പ്രിൻക്ളർ ഇവ ഉപയോഗിക്കരുത്.
വിശകലനം പൂർത്തിയായാലുടൻ ഡേറ്റ സർക്കാരിന് തിരിച്ചുനൽകണം.
സ്‌പ്രിൻക്ളറിന്റെ കൈവശം ഏതെങ്കിലും തരത്തിൽ സെക്കൻഡറി ഡേറ്റയോ മറ്റ് ഡേറ്റയോ ഉണ്ടെങ്കിൽ ഉടൻ സർക്കാരിന് കൈമാറണം.
കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് സ്‌പ്രിൻക്ളർ കമ്പനി പരസ്യപ്രചരണം നടത്തരുത്. ഇവ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കരുത്.
സ്‌പ്രിൻക്ളർ കമ്പനി സർക്കാരിന്റെ പേരോ ഒൗദ്യോഗിക മുദ്രയോ ഉപയോഗിക്കരുത്.
കരാറുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌പ്രിൻക്ലർ ഇടപാടിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ശക്തിപ്പെടുത്തുന്നതാണ്. കരാറനുസരിച്ച് കാര്യങ്ങൾ നീക്കും. ഡേറ്റാ സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ നടപടിയെടുക്കും.
പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്നാണ്. രണ്ടും കോടതി സ്വീകരിച്ചില്ല. ഡേറ്റാ സുരക്ഷയുടെ കാര്യത്തിൽ ഒരാശയക്കുഴപ്പവുമില്ല. വിധിയുടെ പകർപ്പ് കിട്ടിയിട്ട് കൂടുതൽ കാര്യങ്ങൾ പറയാം.
-മുഖ്യമന്ത്രി പിണറായി വിജയൻ
കരാർ റദ്ദാക്കണം: ചെന്നിത്തല
തിരുവനന്തപുരം: സ്‌പ്രിൻക്ളർ കേസിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം അതീവഗൗരവമെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ധാർമ്മികതയുണ്ടെങ്കിൽ സ്പ്രിൻക്ളറുമായുള്ള കരാർ സർക്കാർ റദ്ദാക്കണം. കോടതിയുടെ പരാമർശങ്ങളും വാക്കാലുള്ള നിർദ്ദേശങ്ങളും കണക്കിലെടുത്താൽ കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് ധാർമ്മികമായ അവകാശമില്ല.