hg1

കൊച്ചി : കൊവിഡ് രോഗികളുടെ ഡേറ്റ ശേഖരണത്തിന് വിവര ദാതാവിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നീക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, ഐ.ടി സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു. ,രേഖകൾ ശേഖരിക്കുന്നതിനെതിരെ വ്യാപക പ്രചാരണത്തിന് ഈ വ്യവസ്ഥ ,ഇടയാക്കുമെന്ന സർക്കാർ അഭിഭാഷകന്റെ വാദവും തള്ളി. 'നിങ്ങളുടെ ഐ.ടി സെക്രട്ടറി സംസാരിക്കുമ്പോൾ ജാഗ്രത കാട്ടണം. നിലവിലെ സ്ഥിതി സർക്കാർ തന്നെയുണ്ടാക്കിയതാണ്'- ഹൈക്കോടതി വാക്കാൽ പറഞ്ഞു.

കേന്ദ്രസഹായം തേടുമോ ?

ഡേറ്റ അനാലിസിസിന് സഹായിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം സ്വീകരിക്കുമോയെന്ന ഡിവിഷൻ ബെഞ്ചിന്റെ ചോദ്യത്തിന് ,സ്പ്രിൻക്ളർ കമ്പനിയുമായുള്ള കരാർ അവസാനിക്കുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് അഡി. അഡ്വക്കേറ്റ് ജനറൽ ജി. രവീന്ദ്രനാഥ് മറുപടി നൽകി.

ഇന്നലെ ഹർജി വീഡിയോ കോൺഫറൻസ് മുഖേന പരിഗണിക്കുമ്പോൾ അഡി.എജിക്കു പുറമേ, ഐ.ടി വകുപ്പിനുവേണ്ടി സുപ്രീംകോടതി അഭിഭാഷക എൻ.എസ്. നപ്പിനൈയും ഹാജരായി വാദിച്ചിരുന്നു. ചോദ്യങ്ങളുടെ പെരുമഴയാണ് ഇന്നലെ കോടതിയിലുണ്ടായത്. സ്പ്രിൻക്ളർ കമ്പനി ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ഇൗ കമ്പനിക്കുവേണ്ടി ഇന്നലെയും ആരും ഹാജരായില്ല. ഇക്കാര്യം കോടതി വ്യക്തമാക്കി. സ്പ്രിൻക്ളർ കമ്പനിയുമായി സർക്കാരുണ്ടാക്കിയ കരാറിനെതിരെ നൽകിയ ഹർജികളും ഇവയിൽ കക്ഷിചേരാൻ നൽകിയ അപേക്ഷകളും ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ,ഇതിലെ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.