കൊച്ചി : കൊവിഡ് ഭീഷണിയെത്തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. വിദേശങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ളിം കൾച്ചറൽ സെന്റർ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
പ്രവാസി മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കുമ്പോൾ ക്വാറന്റൈൻ ചെയ്യുന്നതിനും മെഡിക്കൽ ശുശ്രൂഷ നൽകുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രവാസികളെ നാട്ടിലെത്തിച്ചാൽ നിരീക്ഷണത്തിനും ചികിത്സയ്ക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡി. എ.ജി വിശദീകരിച്ചു. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.