രാജ്യം ലോക്ക് ഡൗണിലൂടെ കടന്നുപാകുമ്പാൾ ഓർമ്മ പുതുക്കലിന്റെ ലോകത്താണ് വി.എസ്. രാമകൃഷ്ണൻ. ദാരിദ്ര്യത്തിൽ നിന്ന് പടവെട്ടി ഒരു മഹാപ്രസ്ഥാനത്തിലേക്ക് കുതിച്ചുയർന്നതിന്റെ വഴിയിലൂടെയാണ് ആ യാത്ര.അവിടെ സങ്കടം, ദാരിദ്ര്യം. പടിപടിയായ മുന്നേറ്റം, വിജയം എന്നിവയെല്ലാം കാണാം. അതിനൊപ്പം മഹാമനസ്കതയുടെ നേർകാഴ്ചകളും. രാജേശ്വരി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സാരഥിയായ വി.എസ്.രാമകൃഷ്ണന്റെ എറണാകുളം ബൈപ്പാസിലുള്ള വസതിയിലേക്ക് കടന്ന് ചെല്ലുമ്പോൾ നെറ്റിയിൽ ചന്ദനക്കുറിയുമായി നിറചിരിയാടെ സ്വീകരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ. കൂടുതൽ സംസാരിച്ചപ്പോൾ അടുത്തറിയുകയായിരുന്നു ആ ബിസിനസ് സാമ്രാജ്യത്തിന്റെ വിജയമന്ത്രം.
അച്ഛൻ വഴി കാണിച്ചു
പൂജാ മുറിയിൽ ദൈവങ്ങൾക്കൊപ്പം ഒരു ചിത്രം. അതിലേക്ക് കൈചൂണ്ടി പിതാവ് ശങ്കുണ്ണി മകൻ രാമനോട് പറഞ്ഞു. ' ആ ഫോട്ടോയിൽ കാണുന്നയാളും എന്റെ ദൈവമാണ്. യഹൂദനായ അവറാൻ. അച്ഛൻ പറഞ്ഞു തന്ന ആ ചരിത്രം വി.എസ്. രാമകൃഷ്ണന്റെ മനസിൽ മായാത്ത നേർ ചിത്രമാണ്.
ഗുരുദേവ ഭക്തനായ പിതാവ് ഗുരു നിഷിദ്ധമെന്ന് പ്രഖ്യാപിച്ച ഒരു ജോലിക്കും പോയിരുന്നില്ല. പതിനാലാമത്തെ വയസിൽ കൊച്ചിയിലെ സരസ്വതി സ്റ്റോഴ്സിൽ ജോലിക്ക് കയറി. കത്രികയ്ക്ക് തുണി കീറി അടുക്കി വയ്ക്കണം. മാസ ശമ്പളം 40 രൂപ. 11മണിക്കേ കട തുറക്കൂ. അതിന് മുമ്പേ അച്ഛൻ അവറാൻ എന്ന യഹൂദന്റെ ജൂത തെരുവിലെ കടയിൽ ചെല്ലും. കുപ്പി കഴുകി വൃത്തിയാക്കി അലമാരയിൽ വയ്ക്കും. ചെറിയൊരു പ്രതിഫലം പോക്കറ്റിൽ വീഴും. ഇതിനിടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവറാന് അവസരം ലഭിച്ചു. ശങ്കുണ്ണിയോട് കടയെടുത്തോന്നായി അവറാൻ. ഒറ്റ ഡിമാന്റ്.ആയിരം രൂപം നൽകണം. ഒരു രൂപ പോലും കൈയിലില്ലാത്ത ശങ്കുണ്ണി നിസഹായനായി. ഒടുവിൽ സഹോദരിമാരുടെ താലിമാല പണയം വച്ച് ശങ്കുണ്ണി സ്വന്തമായി കട വാങ്ങി കുപ്പി കച്ചവടക്കാരനായി. പിന്നീട്, വി.എസ്. രാമകൃഷ്ണനെന്ന വ്യവസായിയുടെ ഉദയത്തിന്റെ കഥയ്ക്ക് തുടക്കം.
ഹോർലിക്സ് കുപ്പിയിൽ തുടങ്ങിയ ജൈത്രയാത്ര
അന്ന് പത്താം ക്ളാസ് പഠനം കഴിഞ്ഞ് ഫുഡ് ക്രാഫ്റ്റ് കോഴ്സിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു വി.എസ്. രാമകൃഷ്ണൻ. ചളിക്കവട്ടത്തു നിന്ന് എറണാകുളം ബ്രാഡ്വേയിലേക്കുള്ള സൈക്കിൾ യാത്രയ്ക്കിടെയാണ് ശങ്കുണ്ണി അപകടത്തിൽപ്പെട്ടത്. കട തുറക്കാതെയായി. മൂത്ത സഹോദരി ഭർത്താവ് കട തുറക്കാൻ നിർദ്ദേശിച്ചെങ്കിലും മടി കാണിച്ചു. കടയിൽ പോകാൻ അച്ഛനും നിർബന്ധിച്ചു. അന്ന് വൈദ്യൻമാർ അരിഷ്ടം നിറയ്ക്കുന്നത് കുപ്പികളിലായിരുന്നു. ഇതിനുള്ള കുപ്പി തയ്യാറാക്കി കൊടുക്കുന്നതായിരുന്നു കടയിലെ പ്രധാന ജോലി. മടിയോടെയാണെങ്കിലും കട ഏറ്റെടുത്തു.ഇതിനിടയിൽ പത്രത്തിൽ ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടു. തൃശൂരിലുള്ള സതേൺ ഫാർമസിക്ക് 20,000 ഹോർലിക്സ് കുപ്പികൾ വേണം. കേരളത്തിൽ ഹോർലിക്സ് കഴിച്ചു തുടങ്ങുന്ന കാലം മാത്രം. ചൊറി. ചിരങ്ങ് എന്നിവയ്ക്കുള്ള മരുന്നുകൾ തയ്യാറാക്കി നൽകുന്നതിനായിരുന്നു കുപ്പികൾ. അന്വേഷണത്തിനിടയിൽ ചെന്നൈയിൽ കുപ്പി കിട്ടുമെന്നറിഞ്ഞു. അച്ഛന്റെ സുഹൃത്തായ ചെട്ടിയാരെ ട്രങ്ക് കോൾ ബുക്ക് ചെയ്ത് ബന്ധപ്പെട്ടു. കാര്യം നടക്കുമെന്ന് ഉറപ്പായതോടെ ആയിരം രൂപ മണിയോഡറായി നൽകി. പിന്നീട് എറണാകുളം ഐലൻഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര. ഒന്നുമറിയാത്ത തന്നെ ട്രെയിനിലെ സീറ്റിൽ കൊണ്ടുപോയി അച്ഛൻ ഇരുത്തിയത് ഇന്നും കണ്ണിൽ നിന്ന് മായുന്നില്ലെന്ന് രാമകൃഷ്ണൻ ഓർക്കുന്നു.
ചെന്നൈ സെൻട്രലിലുള്ള മൂർ മാർക്കറ്റിലേക്ക് കുതിരവണ്ടിയിലായിരുന്നു യാത്ര. നാലു ദിവസം കൊണ്ട് ലോഡ് റെഡിയായി. ലോറിയിൽ കേരളത്തിലേക്ക് തിരിച്ചു. കടയിൽ കയറി ചായ കുടിച്ചു കഴിഞ്ഞാൽ ഡ്രൈവറും ക്ലീനറും ആദ്യം സ്ഥലം കാലിയാക്കും. അതോടെ അവരുടെ പണവും നൽകേണ്ടി വന്നു. കോയമ്പത്തൂരിൽ എത്തിയപ്പോഴത്തേക്കും പണം മുഴുവൻ തീർന്നു. പത്തു പൈസയുണ്ട് കൈയിൽ. പട്ടിണി കിടന്ന് തൃശൂരിലെത്തി. ആ ബിസിനസിൽ മൂവായിരത്തിനടുത്ത് ലാഭം കിട്ടി.. അതോടെ കൊള്ളാവുന്ന പണിയാണെന്ന് മനസ് മന്ത്രിച്ചു.
അന്തിക്കാട്ടെ കള്ള് സൊസൈറ്റി
പാലക്കാട്ടെ പ്രീമിയർ ബ്രൂവറിയലേക്ക് അവരുടെ ബിയർ കുപ്പികൾ എറണാകുളത്ത് നിന്ന് ശേഖരിച്ച് നൽകുന്ന ഓർഡർ ലഭിച്ചു. കൃത്യമായി സാധനം എത്തിച്ചതോടെ കമ്പനി അധികൃതർക്ക് താത്പര്യമായി. കമ്പനിയുടെ കൂടുതൽ ബിസിനസ് നടക്കുന്നത് തമിഴ്നാട്ടിലാണ്. അവിടെ നിന്ന് കുപ്പികൾ ശേഖരിച്ച് കമ്പനിയിലെത്തിക്കാനുള്ള നിർദ്ദേശം എം.ഡി. മുന്നോട്ടു വച്ചു. ഇതിനിടയിൽ അന്തിക്കാട് കള്ള് സൊസൈറ്റിയിലേക്ക് കുപ്പികൾ ആവശ്യമുണ്ടെന്ന് മനസിലായി. പക്ഷേ ടെൻഡർ നൽകണമായിരുന്നു. സെക്രട്ടറിയെ കണ്ട് നടപടികൾ പൂർത്തികരിച്ചു. ഒടുവിൽ ടെൻഡർ ലഭിച്ചു. പാലക്കാട്ടെ കമ്പനിയിൽ നിന്നാണ് കുപ്പികൾ എത്തിച്ചത്. ആ ഇടപാടിലും ലാഭം കൊയ്തു.
75 കോടിയുടെ വളർച്ചയിലേക്ക്
കിട്ടിയ ലാഭ തുകയിൽ എറണാകുളം ടി.ഡി റോഡിൽ പത്ത് സെന്റ് സ്ഥലം വാങ്ങി. കുപ്പി കഴുകാനുള്ള സൗകര്യമൊരുക്കി. സ്ത്രീകളായിരുന്നു ജീവനക്കാർ. പിന്നീട് നോർത്തിലും 20 സെന്റ് സ്ഥലം വാങ്ങി കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തി. കൂടുതൽ കമ്പനികളിൽ നിന്ന് ഓർഡർ ലഭിച്ചതോടെ കുപ്പികൾ കഴുകൽ എന്ന് വ്യവസായം പടർന്നു പന്തലിച്ചു. കേരളത്തിന് പുറത്തേക്കും വേരോട്ടമായി. പടി പടിയായുള്ള വളർച്ചയിൽ 75 കോടിയുടെ ടേണോവറുള്ള കമ്പനിയായി രാജേശ്വരി ഗ്രൂപ്പ് ഒഫ് കമ്പനീസ് വി.എസ്. രാമകൃഷ്ണന്റെ കൈപിടിച്ച് വളർന്നു. ഇന്നും തലയുയർത്തി അതിന്റെ സാരഥിയായി ജനഹൃദയങ്ങളിലേക്ക് ഇറങ്ങുകയാണ് സാധാരണക്കാരനിൽ സാധാരണക്കാരനായി രാമകൃഷ്ണൻ.
നേട്ടങ്ങൾ കൊയ്യുമ്പോഴും തന്റെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച ശിവ ഡിസ്റ്റിലറിയിലെ എം.ഡി. എസ്.ബി.ബാലസുബ്രഹ്മണ്യം, പാലക്കാട് യു.ബി ഗ്രൂപ്പ് എന്നിവരെ ഒരിക്കലും മറക്കാനാവില്ലെന്ന് രാമകൃഷ്ണൻ പറയുന്നു. മുസ്ളിമല്ലെങ്കിലും എല്ലാ പെരുന്നാളിനും സക്കാത്ത് നൽകി നന്മയുടെ വസന്തം വിടർത്തുന്നു. എല്ലാ വർഷവും ഓണത്തിന് എറണാകുളം ചളിക്കവട്ടത്തുള്ള കുടുംബങ്ങൾക്ക് അഞ്ചുകിലോ അരിയും അഞ്ചുകിലോ പച്ചക്കറിയും നൽകി മറ്റൊരു പുണ്യപ്രവർത്തിയും രാമകൃഷ്ണൻ മുടങ്ങാതെ ചെയ്യുന്നുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഗുരുദേവന്റെ 60 പഞ്ചലോഹവിഗ്രഹങ്ങൾ സ്ഥാപിച്ചും രാമകൃഷ്ണൻ ശ്രദ്ധേയനായി. 15 വർഷം മുൻപ് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന് പാലാരിവട്ടത്ത് ലക്ഷങ്ങൾ മുടക്കി ഒരു ആസ്ഥാന മന്ദിരം പണിതുകൊടുക്കാൻ രാമകൃഷ്ണന് സാധിച്ചു. കൂടാതെ നിരവധി ക്ഷേത്രങ്ങളും നിർമ്മിക്കാൻ രാമകൃഷ്ണൻ സഹായധനം നൽകി. തന്റെ വളർച്ചയ്ക്ക് പിന്നിൽ ഗുരുദേവന്റെ അനുഗ്രഹം കൂടെയുണ്ടെന്ന് രാമകൃഷ്ണൻ അടിവരയിടുന്നു.
എല്ലാം എന്റെ മക്കൾ
അഞ്ചു മക്കളാണ് രാമകൃഷ്ണന്. എന്നാൽ ഇവരെ കൂടാതെ 130 പേരുടെ വിവാഹം നടത്തികൊടുത്തയാൾ ഒരു പക്ഷേ എങ്ങുമുണ്ടാകില്ല. 60 വയസു തികഞ്ഞപ്പോൾ 60 പേർക്ക് മംഗല്യ ഭാഗ്യം. 70 തിലേക്ക് എത്തിയപ്പോൾ അത്രയും പേർ കുടുംബ ജീവിതത്തിലേക്ക്. പെൺകുട്ടികൾക്ക് കഴുത്തിൽ അഞ്ചു പവന്റെ സ്വർണാഭരണങ്ങളും ചാർത്തിയായിരുന്നു മംഗല്യം. സാരിയും സദ്യയും ഉൾപ്പെടെ മുഴുവൻ ചെലവും. രണ്ടേകാൽ കോടിയിലധികം രൂപ മുടക്കിയാണ് അവരെ പുതുലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റിയത്. എറണാകുളത്തപ്പൻ മൈതാനത്ത് നടന്ന ആ വിവാഹ മാമാങ്കം ആർഭാടത്തിന്റേതല്ല, സന്മനസിന്റെ നേർ ചിത്രമായിരുന്നു. ആ ദമ്പതികൾക്ക് മക്കളുണ്ടായപ്പോൾ പേരിടലിന് രാമകൃഷ്ണന്റെ സാന്നിദ്ധ്യമാണ് അവർ കൊതിച്ചത്. ആഗ്രഹത്തിനനുസരിച്ച് രാമകൃഷ്ണൻ ഓടിയെത്തി. മറ്റു ചിലർക്ക് വീടു വച്ചു നൽകി. ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ദാരിദ്ര്യത്തിൽ കഴിഞ്ഞ തനിക്ക് ഒന്നുമില്ലാത്തവരുടെ വേദനയറിയാമെന്നാണ് രാമകൃഷ്ണന്റെ മറുപടി.
സ്വപ്നം
ഇപ്പോൾ ബിസിനസ് കുറവാണെങ്കിലും പുതിയ സംരംഭ ചിന്തകളില്ല. പ്രായമായില്ലേ. റിയൽ എസ്റ്റേറ്റ് ബിസിനസ് ആ വഴിക്ക് പോകുന്നുണ്ട്. മക്കളൊന്നും കുപ്പി ബിസിനസിലേക്ക് വന്നിട്ടില്ല. ഇപ്പോൾ 74 വയസായി. 80 തികഞ്ഞാൽ 80 പേരുടെ വിവാഹം. അത് മാത്രമാണ് ഇനി മുന്നിലുള്ള സ്വപ്നം.
നേതൃരംഗത്ത്
ബിസിനസ് തിരക്കിനിടയിലും നിരവധി പദവികളും അലങ്കരിക്കുന്നു. എസ്.ആർ.പി സംസ്ഥാന ട്രഷറർ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ, കുഴിവേലി മഹാക്ഷേത്ര പ്രസിഡന്റ്, കൊറ്റങ്കാവ് ക്ഷേത്രരക്ഷാധികാരി, അരൂർ മാത്താനം ക്ഷേത്രം രക്ഷാധികാരി എന്നീ ചുമതലകൾ വഹിക്കുന്നു. ഹിന്ദു ഇക്കോണമിക് ഫോറം മുൻ ട്രഷററും ആയിരുന്നു.
ദാമ്പത്യം അനുഗ്രഹം
ഭാര്യ രാധാമണിയാണ് തന്റെ ഭാഗ്യമെന്ന് രാമകൃഷ്ണൻ പറയും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും വിട്ടു വിഴ്ചയോടെ ജീവിച്ചു. അതിനാൽ ബിസിനസിൽ ശ്രദ്ധയോടെ മുന്നോട്ടു പോകാൻ കഴിഞ്ഞു.
ബിസിനസിൽ താങ്ങും തണലുമായി എന്നും കൂടെയുണ്ടായിരുന്നത് സഹോദരന്മാരായ വി.എസ്. പവിത്രൻ, വി.എസ്. ലാലൻ, വി.എസ്. സജീവൻ എന്നിവരായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട യാത്രകളിലും മറ്റും മുഴുകിയ സമയത്ത് കുടുംബകാര്യങ്ങൾ നോക്കിയിരുന്നത് ലാലനായിരുന്നു. ഇതൊന്നും ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്ന് രാമകൃഷ്ണൻ.
ഇളയമകൻ രതീഷാണ് കൂടെയുള്ളത്. പെൺമക്കളായ രാജേശ്വരി, രജിനി, രഞ്ജിത, റിങ്കിൾ എന്നിവർ വിവാഹിതരായി ജീവിക്കുന്നു. സിം ചാലക്കുടി, പ്രദീപ് കുമാർ ചെന്നൈ, പോളക്കുളത്ത് നാരായണന്റെ മകൻ ഡോ. കൃഷ്ണനുണ്ണി, മുകേഷ് തൃശൂർ എന്നിവരാണ് മരുമക്കൾ.