ആലുവ: അഞ്ച് പതിറ്റാണ്ടായി സൈക്കിളാണ് ആലുവ തുരുത്ത് സ്വദേശി ആയില്യം വീട്ടിൽ സുഗതന്റെ യാത്ര. എഴുപത്തിമൂന്നിന്റെ നിറവിലായ സുഗതൻ ലോക്ക് ഡൗൺ കാലത്തും സൈക്കിൾ സവാരി അവസാനിപ്പിച്ചിട്ടില്ല. 30 മുതൽ 40 കിലോമീറ്ററുകൾ താണ്ടാൻ സുഗതന് സൈക്കിൾ മതി.1980ൽ സർക്കാർ സർവീസിൽ പ്രവേശിച്ചതു മുതൽ സൈക്കിളിൽ തന്നെയാണ് സഞ്ചാരം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയിരുന്നതും സൈക്കിൾ ചവിട്ടി തന്നെ. പിന്നീട് ആലുവയിലും, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലും ജോലിക്കെത്താൻ സൈക്കിളാണ് ഉപയോഗിച്ചത്. പൊതുപരിപാടികൾ സ്വകാര്യ ചടങ്ങുകൾ എന്നു വേണ്ട എന്തിനും സുഗതനെത്തും. കിലോമീറ്ററുകൾ താണ്ടി വെയിലത്തും മഴയത്തും ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാൻ ചെലവില്ലാത്തതും തടസമില്ലാത്തതുമായ മാർഗം മാത്രമല്ല ആരോഗ്യ പരിരക്ഷ കൂടിയാണ്.
2001 ൽ ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച അദ്ദേഹം ജൈവകൃഷിക്കാരൻ കൂടിയാണ്. പച്ചക്കറി, വാഴ, കപ്പ എന്നിവ കൃഷി ചെയ്യുന്നുണ്ട്. പുസ്തക വായനയാണ് പ്രധാന വിനോദം. തുരുത്ത് ഗ്രാമദളം വായനശാലയിലെ പ്രധാന വായനക്കാരനുമാണ്. കുറച്ചു കാലം തുരുത്ത് വീരഭദ്രകാളീക്ഷേത്രം പ്രസിഡന്റായിരുന്നു.