കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ഓടകളുടെ തടസങ്ങൾ കണ്ടെത്തുന്ന നടപടികൾക്ക് തുടക്കമായി. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കെ.എം.ആർ.എൽ നിർമിച്ച നടപ്പാതകൾ പലതും അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാൻ വേണ്ട സജ്‌ജീകരണങ്ങൾ നടപ്പാത നിർമാണത്തിൽ അവലംബിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട പരിശോധനകളാണ് വെള്ളിയാഴ്ച നടന്നത്.
ഓടകൾക്കും കൽവെൽട്ടുകൾക്കും മുകളിൽ നടപ്പാത നിർമ്മാണവും മറ്റും നടന്നുവെന്ന പരാതി കഴിഞ്ഞ വ്യാഴാഴ്ച മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മേയർ ഉന്നയിച്ചു. എം.പി, എം.എൽ.എമാർ, കളക്ടർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മറ്റ് വകുപ്പ് എൻജിനീയർമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ചെയർമാൻ പി.എം. ഹാരിസിന്റെ നേതൃത്വത്തിൽ പി.ഡബ്ല്യൂ.ഡിഎൻജിനിയർ, കോർപ്പറേഷൻ അസി. എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പോരായ്മകൾ കണ്ടെത്തിയത്.
ഇക്കാര്യം കെ.എം.ആർ.എല്ലിനെ അറിയിച്ചതായും മേയ് മദ്ധ്യത്തോടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
# ഓടകൾ അടഞ്ഞു
ചങ്ങമ്പുഴ പാർക്കിന് സമീപത്തെ മെട്രോസ്റ്റേഷന് അടുത്ത് കൽവർട്ട് പൂർണമായും അടഞ്ഞ അവസ്ഥയിലാണ്. മെട്രോ നിർമ്മിച്ച നടപ്പാതക്ക് അടിയിലൂടെയാണ് ഇത് കടന്നുപോകുന്നത്. കലൂർ, കറുകപ്പള്ളി ജോർജ് ഈഡൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലും മഴവെള്ളം ഒലിച്ചുപോകുന്ന ഓടകൾ അടഞ്ഞ അവസ്ഥയിലാണ്. എം.ജി റോഡ്, ബാനർജി റോഡ്, ഇടപ്പള്ളി തുടങ്ങി സ്ഥലങ്ങളിലും അവസ്ഥ സങ്കീർണമാണ്.
അടിയന്തരമായി ഈ അശാസ്ത്രീയ നിർമ്മാണങ്ങൾ പൊളിച്ച് ഓടകൾ വെള്ളം ഒഴുകിപ്പോകുന്നതിന് പ്രാപ്തമാക്കിയില്ലെങ്കിൽ വരുന്ന കാലവർഷത്തിലും രൂക്ഷമായ വെള്ളക്കെട്ട് നഗരത്തിൽ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എം.ജി റോഡിലെ അവസ്ഥ വളരെ മോശമാണ്. മെട്രോ തൂണുകളിൽ ഘടിപ്പിച്ചിട്ടുള്ള പൈപ്പുകളിലുടെ വലിയ അളവിലാണ് മഴവെള്ളം റോഡിലേക്ക് വന്നിറങ്ങുന്നത്. ഇത് ഒഴുകിപോകാൻ വേണ്ട ഓടകളോ മറ്റ് മാർഗങ്ങളോ ഇല്ലാത്തതും പ്രതിസന്ധിയായിട്ടുണ്ട്. ഇക്കാര്യങ്ങളും ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.