sona
സോന ഡ്യൂട്ടിക്കിടെ

കോലഞ്ചേരി: നീ പോ മോനേ കൊവിഡെ.. അതിമോഹമാണ് നിനക്ക് അതിമോഹം,14 ദിവസം കൊണ്ട് എന്നെ തീർക്കാമെന്ന അതിമോഹം. എന്റെ കാലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം. കൊണ്ട് പോയി ചന്ദനമുട്ടിയിൽ വെച്ചു ആശ തീർക്ക്....

ലണ്ടനിലെ ജോലിക്കിടെയുണ്ടായ കൊവിഡിനെ മലർത്തിയടിച്ച മലയാളി നഴ്സ് സോന സജയ്യുടെ അക്ഷരങ്ങളിൽ ഇച്ഛാശക്തിയുടെ ഊർജ്ജം മാത്രം.

ലണ്ടനിലെ അലക്സാന്ത്രാ ആശുപത്രിയിൽ നഴ്സാണ് കോലഞ്ചേരി പൂതൃക്ക സ്വദേശിനി സോന. താൻ പരിചരിച്ച രോഗിയിൽ നിന്ന് കൊവിഡ് പിടിപെട്ട് മാറിയ ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധങ്ങൾക്ക് ആശംസകളറിയിച്ചും, ആരോഗ്യ പ്രവർത്തകർക്ക് കട്ട സപ്പോർട്ടുമായി ഫേസ് ബുക്ക് കുറിപ്പിട്ടത്. സംഗതി വൈറലായി.

കൊവിഡ് കടന്നാക്രമിച്ചപ്പോഴും സ്വന്തം കൈയ്യിൽ മുറുകെപ്പിടിച്ച് 'ഐ ആം ഓക്കെ, ഡോണ്ട് വറി ' എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അദൃശ്യ വൈറസിനോട് സ്വയം പോരാടാനായിരുന്നു തീരുമാനം. കഠിനമായ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ പതിനാലു ദിവസം വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു. പതിനഞ്ചാംദിനം വീണ്ടും ഡ്യൂട്ടിക്ക്. മന:ശക്തികൊണ്ട് മഹാമാരിയെ തോൽപ്പിച്ചെന്ന കുറിപ്പ് ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഉണർവ് പകരുന്നതാണ്.

അക​റ്റി നിർത്തേണ്ടവരാണെന്ന ബോധത്തോടെയാണ് രോഗം സംശയിക്കുന്നവരെപ്പോലും ആദ്യമൊക്കെ നഴ്‌സുമാർ നോക്കിയിരുന്നത്. ഇപ്പോൾ സ്വയം സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും ഇല്ലാതായിക്കഴിഞ്ഞു. രണ്ട് ദിവസം പനിയും ചുമയുമുള്ള രോഗിയെ പരിചരിച്ചു മൂന്നാം ദിവസം രോഗിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം സോനയ്ക്കും അസുഖ ലക്ഷണങ്ങൾ തുടങ്ങി. അവധിയെടുത്ത് വീട്ടിൽ പതിനാലു ദിവസം കഴിയാനായിരുന്നു നിർദേശം. നാലഞ്ചുമണിക്കൂർ ഇടവിട്ട് പാരസെ​റ്റമോൾ ഗുളിക മാത്രം.വി​റ്റാമിൻ സി അടങ്ങിയ നാരങ്ങ ,ഓറഞ്ച്, ബ്രോക്കോളി, ക്യാപ്സിക്കം പിന്നെ ചെറുപയറും കഞ്ഞിയും,കറികളിൽ ഇഞ്ചി കൂടുതൽ ചേർത്തു സൂപ്പുണ്ടാക്കി. അതിൽ കുരുമുളകും മഞ്ഞളും കൂടുതൽ ചേർത്തു. ദിവസവും നാലു ലിറ്റർ വെള്ളം കുടിച്ചു. ശ്വസനക്രിയകളും നടത്തി. ആത്മവിശ്വാസത്തിനും പ്രാർത്ഥനയ്ക്കും വലിയ പങ്കുണ്ടെന്ന തിരിച്ചറിവിൽ സന്തോഷമായിട്ടിരുന്നാൽ ഒരു കൊവിഡിനും നമ്മളെ ഒന്നും ചെയ്യാനാകില്ലെന്നാണ് സോനയുടെ ഉപദേശം. ജോലിയിൽ തിരിച്ചെത്തും വരെ സ്വന്തം അമ്മയെ പോലും കൊവിഡ് വിശേഷം അറിയിച്ചില്ല. ഭയമല്ല ജാഗ്രത മാത്രം മതി എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.