കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ റോബോട്ട്. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ മെഡിക്കൽ കോളേജിലേക്ക് ഈ യന്ത്രമനുഷ്യരെ കൈമാറി. കേരള സ്റ്റാർട്ട് അപ്പ് മിഷൻ മേക്കർ വില്ലേജിലെ അസിമോവ് റോബോട്ടിക്‌സ് നിർമ്മിച്ചതാണ് കർമ്മിബോഡ് എന്ന യന്തിരൻ. രോഗികളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.

വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ മേജർ രവി, വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്‌സ് സി.ഇ.ഒ ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, ഡോ. മനോജ് ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.

# യന്തിരന്റെ ദൗത്യങ്ങൾ
രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കും.

ഉപയോഗിച്ച് പാത്രങ്ങളും മറ്റും അണുവിമുക്തമാക്കി തിരികെ എത്തിക്കും

രോഗികളുമായി ഡോക്ടർക്ക് വീഡിയോ കാളിനുള്ള സൗകര്യമൊരുക്കും

മാലിന്യങ്ങൾ വീണ സ്ഥലം ലായനികൾ സ്‌പ്രേ ചെയ്ത് അണുമുക്തമാക്കും


# കർമ്മിബോഡ് നിസാരനല്ല!
ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം യന്തിരൻ സ്വയം ചെയ്യും. 25 കിലോയോളം ഭാരം വഹിക്കും. സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണമാണ് മറ്റു പ്രത്യേകതകൾ. ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ ഓട്ടോമാറ്റിക് ചാർജിംഗ്, സ്പർശന രഹിത താപനില പരിശോധന തുടങ്ങിയ സംവിധാനങ്ങൾ റോബോട്ടിൽ ഉൾപ്പെടുത്താനാണ് അസിമോവ് റോബോട്ടിക്‌സ് പദ്ധതിയിടുന്നത്. ഫോർബ്‌സ് മാഗസിനിലെ പ്രധാന ആകർഷണങ്ങളിൽ ഈ റോബോട്ടുമുണ്ട്.

നവീന ആശയമാണിത്. കൊവിഡ് ചികിത്സയിൽ സഹായമാകും. ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ റോബോട്ടിനെ ഉപയോഗിച്ചു തുടങ്ങും.

എസ്. സുഹാസ്

ജില്ലാ കളക്ടർ