കൊച്ചി: ജില്ലയിലെ പൊതുമാർക്കറ്റുകളിൽ ജനത്തിരക്ക് വർദ്ധിച്ചതോടെ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എറണാകുളം മാർക്കറ്റിലെ വഴിയോരക്കച്ചവടം ഇന്നു മുതൽ അനുവദിക്കില്ല. മറൈൻഡ്രൈവിന് സമീപം പകരം സൗകര്യം ഒരുക്കും.

വ്യാപാരി പ്രതിനിധികളുമായി മന്ത്രി വി.എസ് സുനിൽകുമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഏറ്റവും കൂടുതൽ ജനങ്ങളും ചരക്കുമായി വാഹനങ്ങളും ഡ്രൈവർമാരും തൊഴിലാളികളും എത്തുന്ന എറണാകുളം മാർക്കറ്റിൽ സമ്പർക്കം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. കൊവിഡ് മൂലം കോട്ടയം മാർക്കറ്റ് അടച്ച പശ്ചാത്തലത്തിൽ മുൻകരുതലായ ക്രമീകരണങ്ങൾ ഇന്നു (തിങ്കളാഴ്ച) മുതൽ നടപ്പാക്കും.

ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കളക്ടർ എസ്. സുഹാസ്, മേയർ സൗമിനി ജയിൻ, എസ്. പി കെ. കാർത്തിക്ക്, ഡി.സി.പി ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നടപടികൾ ഇങ്ങനെ

ചരക്കുകൾ ഇറക്കുന്നത് പുലർച്ചെ ഒന്നിനും രാവിലെ ആറിനുമിടയിൽ

പൊതുജനങ്ങളും ചരക്കുലോറി ഡ്രൈവർമാരും തമ്മിൽ സമ്പർക്കം ഒഴിവാക്കും.

ഡ്രൈവർമാർ അനാവശ്യമായി വാഹനം വിട്ട് പുറത്തിറങ്ങരുത്

വിശ്രമത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും

പ്രത്യേകമായ ശുചിമുറികൾ തയ്യാറാക്കും

മാർക്കറ്റിലെ വഴിയോര കച്ചവടം താത്കാലികമായി നിർത്തും

കച്ചവടക്കാർക്ക് മറൈൻ ഡ്രൈവിനു സമീപം പ്രത്യേക സൗകര്യം നൽകും

സാമൂഹിക അകലം പാലിച്ചു മാത്രമേ കച്ചവടം അനുവദിക്കു

പഴം, പച്ചക്കറി വ്യാപാരികൾക്ക് മാത്രമേ സ്ഥലം അനുവദിക്കൂ