grobag
ഹയർ സെക്കണ്ടറി കോട്ടയം റീജിയണൽ ഓഫീസിലെ സീനിയർ ക്ളെർക്ക് പുത്തൻ കുരിശ് സ്വദേശി ബിനു സ്വന്തമായി നിർമ്മിച്ച പാള ഗ്രോ ബാഗുമായി

കോലഞ്ചേരി: കൊവിഡും കനത്ത ചൂടും പരമ്പരാഗത കൃഷിയെ ഒന്നു മാറ്റി പിടിയ്ക്കാം. ചൂടു കനത്തതിനാൽ മട്ടുപ്പാവിലും വീട്ടുമു​റ്റത്തുള്ള കൃഷിരീതിയിലും വേണം മാറ്റങ്ങൾ.പാഴായിപ്പോകുന്ന പ്ലാസ്​റ്റിക് കാനുകൾ ചരടിൽ കോർത്ത് അവയിൽ പോട്ടിംഗ് മിശ്രിതം നിറച്ചും വിത്തുകൾ നടാം. ചീര, മല്ലിയില, പൊതിനയില എന്നിവ വളർത്താം. പത്തു ചട്ടിവെച്ച് അതിൽ വിത്തുനട്ട് വീടിന്റെ ഇറയത്തുതന്നെ പച്ചക്കറി വളർത്തിയാൽ ചൂട് നേരിട്ടടിക്കുന്നത് കുറയും.

#പോട്ടിംഗ് മിശ്രിതം നിർമിക്കാം

വീടുകളിൽ ലഭ്യമായ വസ്തുക്കൾ വെച്ചുതന്നെ പോട്ടിംഗ് മിശ്രിതം നിർമിക്കാം.3:3:3 എന്നതോതിൽ മണ്ണ്, ചാണകപ്പൊടി, മണൽ എന്നിവയും ഒരു ചാക്കിലേക്ക് 50 ഗ്രാം കുമ്മായം, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവയും ചേർത്താണിത് തയ്യാറാക്കുക. ചാണകപ്പൊടിയില്ലെങ്കിൽ ഓരോ ഗ്രോ ബാഗിലേക്കും 100 ഗ്രാം കടലപ്പിണ്ണാക്ക് പൊടിച്ചുചേർക്കണം. ചാണകത്തിനുപകരം ചകിരിച്ചോർ കമ്പോസ്​റ്റോ മണ്ണിരക്കമ്പോസ്​റ്റോ തുല്യ അളവിൽ ചേർക്കാം.

#പി.വി.സി പെപ്പിലെ പച്ചക്കറി

അരയടി വ്യാസമുള്ള പി.വി.സി. പെപ്പിലും പച്ചക്കറിയുണ്ടാക്കാം. തട്ടുതട്ടായി നാലോ അഞ്ചോ അടി നീളമുള്ള പെപ്പ് നിലത്തുറപ്പിക്കുക. അതിനുമുമ്പ് പെപ്പിന്റെ വശങ്ങളിൽ ഇടവിട്ട് ഒരു നാണയത്തിന്റെ വ്യാസത്തിൽ ദ്വാരമുണ്ടാക്കുക. അതിലേക്ക് പോട്ടിംഗ് മിശ്രിതം നിറച്ചു നനച്ച ശേഷം ഓരോ ദ്വാരത്തിലും വ്യത്യസ്തയിനം വിത്തുകൾ മുളപ്പിക്കാം. പെപ്പിന്റെ മുകളിൽ വെണ്ടയോ പയറോ നടാം. വശങ്ങളിൽ പടർന്ന് വളരുന്നയിനത്തിലുള്ള മത്തൻ, പയർ, കുമ്പളം, കോവൽ എന്നിവ നടുന്നതാണുത്തമം.

#പാള ഗ്രോ ബാഗ്
ഉറപ്പുള്ള ഇലകളിൽ കുമ്പിളാക്കി മുളപ്പിക്കാം. വാഴപ്പോള, കവുങ്ങിൻപാള എന്നിവയിൽ ബാഗുണ്ടാക്കാം. തൈ ആകുമ്പോൾ കവർ ഊരിയെടുക്കേണ്ട ആവശ്യമില്ല. മണ്ണിൽ അലിയും. പ്ളാസ്റ്റിക്കിനെ പൂർണമായി അകറ്റാൻ പാള ഗ്രോ ബാഗുകൾക്കാകും. പാള ബാഗ് തൂക്കിയിടുന്ന വിധവും നിർമ്മിക്കാം. നിലത്തു വച്ചാൽ പെട്ടെന്ന് നശിച്ചു പോകുമെന്നതിനാൽ തൂക്കിയിടുന്നതാണ് നല്ലത്.

#പെട്ടെന്ന് വളർത്തിയെടുക്കാം

പൂക്കാനും കായ്ക്കാനും മടിക്കുന്ന ചെടികളെ അതിനു പ്രേരിപ്പിക്കുന്ന ഒട്ടേറെ വിദ്യകളുണ്ട്. വേര് വേഗം വരാനും വളർച്ച കൂട്ടാനും മുരിങ്ങയില സത്ത് ഉപയോഗിക്കാം. തൈര്‌ തേൻ മിശ്രിതം, പാൽക്കായം തൈര് മിശ്രിതം എന്നിവ ചെടികൾ വേഗം പൂക്കാനും കായ്ക്കാനും ഉപയോഗിക്കാം.