കൊച്ചി: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തുന്ന എല്ലാ ട്രക്കുകളും പരിശോധിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അന്യസംസ്ഥാനങ്ങളിലും ഇതര ജില്ലകളിലും നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിലൂടെ കൊവിഡ് പടരുന്നത് തടയുകയാണ് ലക്ഷ്യം.

ട്രക്കുകൾ കൂടുതൽ എത്തുന്ന വല്ലാർപാടം അന്താരാഷ്ട്ര കണ്ട‌െയ്‌നർ ടെർമിനൽ, ഐ.ഒ.സി.എൽ., എച്ച്.പി.സി.എൽ, ബി.പി.സി.എൽ, മരട്, ആലുവ, എറണാകുളം, മൂവാറ്റുപുഴ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ട്രക്ക് ഡ്രൈവർമാരുടെ താമസം, മറ്റ് അവശ്യ സൗകര്യങ്ങളുടെ ക്രമീകരണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ റീജീയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. വിവരങ്ങൾ ശേഖരിച്ചശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തും. വിവരങ്ങൾ ജില്ലാ അതിർത്തികളിൽ പൊലീസും ശേഖരിക്കും. താമസസ്ഥലങ്ങളിലും മറ്റും പ്രദേശവാസികളുമായോ തൊഴിലാളികളുമായോ ഇടപെടാതിരിക്കാൻ നടപടികൾ സ്വീകരിക്കും.
എല്ലാ ട്രക്ക് ഡ്രൈവർമാരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇന്നു മുതൽ ക്രമീകരണങ്ങൾ നടപ്പാക്കാൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി, എസ്. പി.കെ. കാർത്തിക്ക്, ഡി.സി.പി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.